മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല, ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെ തകര്‍ത്തു, മോദി ആര്‍എസ്എസിന്റെ ചൗക്കീദാര്‍

single-img
26 May 2017

തിരുവനന്തപുരം: മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍ എസ് എസിന്റെ ചൗക്കീദാര്‍ മാത്രമായി പ്രധാനമന്ത്രി മാറിയെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണമെന്നൊക്കെ ഭരണകൂടം തിരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഗോവധ നിരോധനത്തിന്റെ പേര്‍ പറഞ്ഞ് രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കി. അതിന്റെ പേരില്‍ ദളിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തെന്ന് ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെച്ച വര്‍ഗീയ ധ്രൂവികരണത്തിലൂടെ അധികാരത്തിലേറിയ മോദി ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും പാടെ തൂത്തെറിയാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും ചെന്നിത്തല വ്യക്തമാക്കി. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടം എന്ന വ്യാജേന നോട്ടു നിരോധനം വഴി സാധാരണ ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതങ്ങള്‍ സമ്മാനിച്ചു.

പാവപ്പെട്ടവര്‍ തങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനായി ആശ്രയിക്കുന്ന സഹകരണ മേഖലയെ നോട്ട് നിരോധനം കര്‍ത്തു. വാചക കസര്‍ത്തുകളല്ലാതെ യു. പി.എ സര്‍ക്കാരുകള്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താനും ഫലപ്രാപ്തിയിലെത്തിക്കാനും മോദിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.