ബീഫ് ഫ്രൈയും, പോത്ത് വരട്ടിയതും ചോദിക്കരുത്, അമര്‍ഷത്തില്‍ കേരളത്തിലെ ഭക്ഷണപ്രിയര്‍

single-img
26 May 2017


ബീഫ് ഫ്രൈ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നവരാണ് മിക്ക ഭക്ഷണപ്രേമികളും. ബീഫ് കറി, ബീഫ് ഫ്രൈ, പോത്ത് വരട്ടിയത്, ചില്ലി ബീഫ് ഇങ്ങനെ ബീഫ് വിഭവങ്ങള്‍ ഒരുപിടിയുണ്ട്. പക്ഷേ ഇനി ഇതെല്ലാം നമ്മുടെ തീന്‍മേശയില്‍ നിന്ന് അന്യമാവാന്‍ പോകുകയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും തീന്‍മേശയിലേക്കും കടന്നുവന്നതോടെ, യഥാര്‍ത്ഥത്തില്‍ അങ്കലാപ്പിലായിരിക്കുന്നത് കേരളത്തിലെ സസ്യേതര ഭക്ഷണ പ്രിയരാണ്. ബീഫ് പ്രിയരായ കേരളീയരെ കടുത്ത അമര്‍ഷത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.

ബീഫ് നിരോധനത്തോട് എന്നും ശക്തമായി പ്രതികരിച്ച കേരളം ഇപ്പോഴത്തെ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു. ബീഫ് വിഭവങ്ങള്‍ പിന്‍വലിക്കേണ്ടി വരുന്നതിലൂടെ, ഹോട്ടലുകളുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായേക്കാമെന്നതു ഹോട്ടല്‍ മേഖലക്കും വലിയ തിരിച്ചടിയാകും.

ഇന്ത്യയില്‍ 60 ശതമാനം പേരും മാംസാഹാരം കഴിക്കുന്നവരാണ് എന്നാണ് അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്. 31 ശതമാനം മാത്രമെ സസ്യാഹാരം മാത്രം കഴിക്കുന്നവരുള്ളു. ശേഷിക്കുന്ന ഒമ്പത് ശതമാനം പേരും സസ്യാഹാരത്തോടൊപ്പം മുട്ടയും കഴിക്കുന്നവരാണ്. കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയത് റമദാന്‍ നോമ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണെന്നത് മുസ്ലീം മതവിശ്വാസികള്‍ക്കും വളരെയധികം തിരിച്ചടിയായിരിക്കുകയാണ്. ബക്രീദ് ദിനത്തിലെ മൃഗബലിയും തടസ്സപ്പെടുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

പോഷകാഹാരക്കമ്മിയില്‍ ലോകത്ത് രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്. രാജ്യത്തെ 47 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. പട്ടിണിയുടെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. പട്ടിണിയും പോഷകാഹാരക്കമ്മിയും പരിഹരിക്കുന്നതില്‍ മാംസാഹാരത്തിന്റെ പങ്ക് വലുതാണ്. സസ്യാഹാരം കൊണ്ട് മാത്രം ഇവ പരിഹരിക്കാവുന്നതുമല്ല. പ്രോട്ടീന്‍ ധാരാളമടങ്ങിയ മാട്ടിറച്ചി രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനുതകുന്നതാണ്.

രാജ്യത്തെ കര്‍ഷകര്‍ക്കും മാംസവിപണിക്കും കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. വര്‍ഷം ഒരു കോടി രൂപയുടെ മാംസക്കച്ചവടമാണ് ഇന്ത്യയില്‍ നടക്കുന്നത്. കന്നുകാലികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്കാണ് ലോകത്ത് ഒന്നാം സ്ഥാനം. ലോകത്തെ പശുക്കളുടെ 16 ശതമാനവും മൊത്തം പോത്തുകളുടെ പകുതിയിലധികവും ഇന്ത്യയിലാണ്. മൊത്തം 20.90 കോടി പശുക്കളാണ് ഇന്ത്യയിലുള്ളതെങ്കിലും അവയുടെ 6.4 ശതമാനം മാത്രമെ കശാപുചെയ്യപ്പെടുന്നുള്ളൂ. 9.1 കോടി പോത്തുകളില്‍ 11.1 ശതമാനം മാത്രമെ ഇറച്ചിയാവശ്യത്തിനായി കൊല്ലുന്നുള്ളൂ. പ്രായമായതും പ്രത്യുല്‍പാദന ശേഷി ഇല്ലാത്തതുമായ കന്നുകാലികള്‍ കര്‍ഷകരെ സംബന്ധിച്ച് ഒരു ഭാരമാണ്. കശാപ്പ് നിരോധിക്കുന്നതോടെ പതിനായിരക്കണക്കിനു പേര്‍ പ്രതിസന്ധിയിലാകും. ഇതില്‍ ഭൂരിഭാഗവും മുസ്ലിങ്ങളും ദളിത് വിഭാഗത്തില്‍പ്പെട്ടവരുമാണ്.

ക്ഷീരമേഖലയെയും പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഒരു പശുവിനെ പാലിനുവേണ്ടി വളര്‍ത്തുകയാണെങ്കില്‍ ആറേഴ് വര്‍ഷത്തിനുള്ളില്‍ അതിന്റെ കറവ വറ്റും. കറവ വറ്റിയ ഒരു കന്നുകാലിയെ ആരും സംരക്ഷിക്കാറില്ല. കാരണം, അതിനെ ഒരുദിവസം പോറ്റാന്‍ മാത്രമായി ചുരുങ്ങിയത് 100 രൂപയെങ്കിലും ചെലവുവരും. അതുകൊണ്ടാണ് എല്ലാ മതത്തിലും പെട്ട കര്‍ഷകര്‍ ഉപയോഗമില്ലാത്ത പശുവിനെയും മറ്റും വില്‍ക്കാന്‍ തയ്യാറാവുന്നത്. ഗോവധം നിരോധിച്ചാല്‍ പശുവിനെ മാംസത്തിനായി വാങ്ങാന്‍ ആരും ഉണ്ടാവില്ല. ക്രമേണ പശുവിനെ വളര്‍ത്താന്‍ ആളുകാണില്ല. അനാഥമായ പശുക്കള്‍ നാട്ടില്‍ അലഞ്ഞുതിരിഞ്ഞു നടക്കും.