ഇനി അസമിനും അരുണാചല്‍പ്രദേശിനും ഇടയിലെ ദൂരം നാലുമണിക്കൂര്‍ കുറയും: ഏറ്റവും വലിയ പാലം മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

single-img
26 May 2017

>
ഗുവാഹട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകെ നിര്‍മിച്ച ധോല സാദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം.

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ ഭീഷണി മറികടക്കാന്‍ സാധ്യമാകുന്ന പാലം അസമിലെയും അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാതടസം നീക്കുന്നതിനു കൂടി ഉതകുന്നതാണ്. പാലം 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകള്‍ വരെ വഹിക്കാന്‍ കഴിയുന്നതാണ്. നിലവില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള ഗതാഗതം ജലമാര്‍ഗമാണ്. എന്നാല്‍ പുതിയ പാലം വന്നതോടെ അസമിനും അരുണാചല്‍പ്രദേശിനും ഇടയിലെ ദൂരം നാലുമണിക്കൂര്‍ കുറയും.

2011ല്‍ നിര്‍മ്മാണം തുടങ്ങിയ പാലത്തിന് ഇതുവരെ 950 കോടി രൂപ ചെലവായെന്നാണ് കണക്ക്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. മുംബയിലുള്ള ബാന്ദ്ര വര്‍ളി പാലത്തേക്കാള്‍ 3.55 കിലോ മീറ്റര്‍ ദൂരക്കൂടുതലുള്ള പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന ബഹുമതിക്കാണ് അര്‍ഹമായിരിക്കുന്നത്.