ഇന്ത്യൻ മണ്ണില്‍ തൊട്ടുതൊഴുത് പാക്കിസ്ഥാനിൽ നിന്നും ഉസ്മ എത്തി, സ്വാഗതമോതി സുഷമ

single-img
25 May 2017


ന്യുഡല്‍ഹി: പാകിസ്താനില്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ യുവതി ഇന്ത്യയില്‍ തിരിച്ചെത്തി. 25 ദിവസത്തെ ദുരിതങ്ങള്‍ക്കു ശേഷം ഇന്ന് രാവിലെയാണ് വാഗാ അതിര്‍ത്തി വഴി ഉസ്മ ഇന്ത്യയില്‍ എത്തിയത്. ഉസ്മയ്ക്ക് വാഗാ അതിര്‍ത്തി വരെ പാകിസ്താന്‍ പോലീസ് സംരക്ഷണം നല്‍കി. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉസ്മയെ കൈമാറി. ദുരിത ജീവിതത്തോട് വിടപറഞ്ഞ് മണ്ണില്‍ തൊട്ടു തൊഴുത ശേഷമാണ് ഉസ്മ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കാല് വച്ചത്.

 

‘ഇന്ത്യയുടെ പുത്രിക്ക് സ്വദേശത്തേക്ക് സ്വാഗതം.  ഈ ദിവസങ്ങളില്‍ അനുഭവിക്കേണ്ട യാതനകള്‍ക്ക് ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു’ എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉസ്മക്ക് സ്വാഗതം നല്‍കിക്കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ഉസ്മക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാരിനെ സമീപിച്ച സഹോദരന്‍, സുഷമ സ്വരാജിന് നന്ദി പറഞ്ഞു. അസാധ്യമായ കാര്യങ്ങളാണ് മന്ത്രി തങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദ് ഹൈകോടതി ബുധനാഴ്ചയാണ് ഏതുസമയത്തും സ്വദേശത്തേക്ക് മടങ്ങാന്‍ ഉസ്മക്ക് അനുവാദം നല്‍കിയത്. ഉസ്മക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഇരുപതുകാരിയായ ഉസ്മ  മലേഷ്യയില്‍ വച്ച് താഹിര്‍ അലി എന്നയാളെ പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.  തുടര്‍ന്ന് ഈ മാസം മൂന്നിനു പാക്കിസ്ഥാനില്‍ വച്ച് വിവാഹം നടത്തുന്നതിനു താഹിര്‍ നിര്‍ബന്ധിച്ചു. ഇതനുസരിച്ച് ഖൈബര്‍പക്തൂണ്‍ക്വ പ്രവിശ്യയിലെ ഉള്‍പ്രദേശമായ ബുനെറിലൂടെ മേയ് ഒന്നിന് ഉസ്മ പാക്കിസ്ഥാനിലെത്തി. ഇയാള്‍ മുന്‍പ് വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവെച്ചാണ് ഉസ്മയുമായി പ്രണയത്തിലാണത്. വിവാഹത്തെ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മേയ് മൂന്നിന് വിവാഹവും നടത്തി. തുടര്‍ന്ന് ക്രൂരമായ പീഡനവും ഉപദ്രവവും ഇവര്‍ക്ക് നേരിടേണ്ടിവന്നു. യാത്രാരേഖകളും ഇയാള്‍ കൈക്കലാക്കി. ഇതോടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഉസ്മ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.