സ്ത്രീകളോട് മോശമായി പെരുമാറിയവർക്ക് ഐക്യദാർഢ്യവുമായി സോനു നിഗം ട്വിറ്റർ ഉപേക്ഷിക്കുന്നു

single-img
25 May 2017

പ്രശസ്ത ഗായകൻ സോനു നിഗം ട്വിറ്റർ ഉപേക്ഷിക്കുന്നു. അറുപത്തിയഞ്ചുലക്ഷത്തിലധികം ഫോളൊവർമാരുള്ള അക്കൌണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തത് എന്തിനാണെന്നതാണു കൌതുകകരം. ജെഎന്‍യു വിദ്യാർഥിനിയെ ട്വീറ്റുകളിലൂടെ അധിക്ഷേപിച്ച ഗായകൻ അഭിജീത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചതാണ് സോനുവിനെ പ്രകോപിതനാക്കിയത്.

ജെ എൻ യു വിദ്യാർത്ഥിനിയും സാമൂഹ്യപ്രവർത്തകയുമായ ഷെഹ്ലാ റാഷിദിനെ അധിക്ഷേപിച്ചതിനാണു അഭിജീത്തിന്റെ അക്കൌണ്ട് ട്വിറ്റർ മരവിപ്പിച്ചത്.

ബിജെപി നേതാക്കൾ ഉൾപ്പെട്ട സെക്സ് റാക്കറ്റുകളെക്കുറിച്ചുള്ള ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് ഷെഹ്ലാ റാഷിദ് തന്റെ ട്വിറ്റർ അക്കൌണ്ട് വഴി ഷെയർ ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണു അഭിജീത്ത് ഇവരെ അധിക്ഷേപിച്ചത്.

“ഈ സ്ത്രീ രണ്ടു മണിക്കൂറിനുള്ള പണം മുൻകൂറായി വാങ്ങിയെന്നും എന്നാൽ ഇടപാടുകാരനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും കിം വദന്തിയുണ്ട്,” എന്നായിരുന്നു ഷെഹ്ലയെക്കുറിച്ച് അഭിജീത്ത് തന്റെ ട്വീറ്റിൽ പറഞ്ഞത്.

ട്രോൾ ചെയ്യാനായി ഒരു സ്ത്രീയെ ലൈംഗികത്തൊഴിലാളിയായി ചിത്രീകരിച്ച അഭിജീത്തിന്റെ നടപടിക്കെതിരേ ട്വിറ്ററിൽ വലിയ പ്രതിഷേധം ഉണ്ടായെങ്കിലും വനിതകൾക്ക് നേരേ വീണ്ടും അധിക്ഷേപശരങ്ങൾ ചൊരിഞ്ഞുകൊണ്ടാണു ഇയാൾ പ്രതികരിച്ചത്. തന്നെ വിമർശിച്ച മറ്റൊരു വനിതാ ട്വിറ്റർ ഉപയോക്താവിനോട് അഭിജീത് പറഞ്ഞതിങ്ങനെ:

“ മിസ് പാക് ,നിങ്ങളുടെ കൂടിന്റെ നമ്പർ തരൂ. ഞാൻ അവിടെ വന്നു താങ്കൾക്ക് താൽപ്പര്യമുള്ള പൊസിഷനിൽ കാര്യങ്ങൾ ചെയ്യാം”.

ഇത്രയുമായപ്പോൾ ട്വിറ്റർ അഭിജീത്തിന്റെ അക്കൌണ്ട് മരവിപ്പിക്കുകയായിരുന്നു. അരുന്ധതി റോയിയും ജെ എൻ യൂവിനെ പിന്തുണയ്ക്കുന്നവരുമാണു തന്റെ അക്കൌണ്ട് ഡിലീറ്റ് ചെയ്യിച്ചതിനു പിന്നിലെന്നു അഭിജീത് പി ടി ഐയോട് പറഞ്ഞു.

അഭിജീത്തിന്റെ ഭാഷയോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ അക്കൗണ്ട് ‍ഡിലീറ്റ് ചെയ്ത നടപടി ശരിയായില്ലെന്നാണ് സോനുവിന്റെ പക്ഷം. കശ്മീരിൽ സൈന്യത്തിനു നേരെയുണ്ടായ പ്രതിഷേധം അടക്കാൻ യുവാവിനെ സേന വാഹനത്തിനു മുകളിൽ കെട്ടിയിട്ട മനുഷ്യ കവചമാക്കിയ സൈനിക നടപടിയെ ന്യായീകരിച്ച് എഴുത്തുകാരി അരുന്ധതി റോയിയ്ക്കെതിരെ ബിജെപി എംപി പരേഷ് റാവൽ നടത്തിയ ട്വീറ്റുകളോട് നേരെ ഉയർന്ന പ്രതിഷേധവും സോനുവിനെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. 24 ട്വീറ്റുകളിലൂെടയാണ് സോനു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. തന്റെ ട്വീറ്റുകളുടെയെല്ലാം സ്ക്രീൻ ഷോട്ട് എടുത്ത് വയ്ക്കാൻ മാധ്യമങ്ങളോട് സോനു ആഹ്വാനവും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡീയുടെ വലിയ ആരാധകനും സ്വയം പ്രഖ്യാപിത ദേശസ്നേഹിയുമായ അഭിജീത് സ്ത്രീകളെ അധിക്ഷേപിച്ച് വിവാ‍ദം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. മാധ്യമപ്രവർത്തകയായ സ്വാതി ചതുർവേദിയെ ട്വീറ്റുകളിലൂടെഅധിക്ഷേപിച്ച ഇയാളെ 2016-ൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിൽ നടന്ന ഒരു ദുർഗ്ഗാപൂജയുടേ ചടങ്ങിൽവെച്ച് ഒരു യുവതിയെ കയറിപ്പിടിച്ചതിനു  ഇയാളുടെ പേരിൽ ഓഷിവാര പോലീസ് സ്റ്റേഷനിൽ കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്. 2015-ലായിരുന്നു ഈ സംഭവം.

വഴിയരുകിൽ കിടന്നുറങ്ങിയവരെ കാർ കയറ്റിക്കൊന്നതിനു ബോളിവുഡ് നടൻ സൽമാൻ ഖാനെ കോടതി ശിക്ഷിച്ചപ്പോൾ ‘പട്ടിയെപ്പോലെ വഴിയിൽക്കിടന്നുറങ്ങുന്നവർക്ക് പട്ടിക്ക് സമാനമായ മരണവും ലഭിക്കും” എന്ന് ട്വീറ്റ് ചെയ്തതും ഇതേ വ്യക്തിയാണു. തെരുവുകൾ ദരിദ്രരുടെ അപ്പന്റെ വകയല്ലെന്നുകൂടി ഇയാൾ പറഞ്ഞിരുന്നു.

ഇത്തരത്തിൽ തികച്ചും സാമൂഹ്യ വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന അഭിജീത്തിനെ പിന്തുണച്ചാണു സോനു നിഗം ട്വിറ്റർ വിട്ടത്.

ആരാധനലായങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ഗുണ്ടായിസം എന്നു വിശേഷിപ്പിച്ച് സോനു ‌ചെയ്ത ട്വീറ്റ് കുറച്ചു നാളുകൾക്കു മുൻപ് വൻ വിവാദങ്ങൾക്കു തുടക്കമിട്ടിരുന്നു. അന്ന് ചാനൽ കാമറകൾക്ക് മുൻപിൽ തലമൊട്ടയടിച്ചാണ് സോനു മറുപടി പറഞ്ഞത്. സോനു നിഗമിന്റെ തല മൊട്ടയടിച്ച് കഴുത്തിൽ ചെരുപ്പുമാല ചാർത്തുന്നവർക്ക് പത്തു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നാണ് പശ്ചിമ ബംഗാൾ മൈനോറിറ്റി യുണൈറ്റഡ് കൗൺസിൽ വൈസ് പ്രസിഡന്റ് സെയ്ദ് ഷാ അതഫ് അലി അൽ ഖ്വാദിരി പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയെന്നോളമായിരുന്നു ഗായകന്റെ പ്രതിഷേധം.

എന്നാൽ സോനുവിന്റെ നിലപാടുകൾ അത്രയ്ക്ക് നിഷ്കളങ്കമോ നിക്ഷ്പക്ഷമോ അല്ലെന്നു സൂചിപ്പിക്കുന്നതാണു ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.