അവസാനം ഉള്ളിക്കറിപോലെയാകരുത് : കെ സുരേന്ദ്രനെതിരേ രൂക്ഷവിമർശനവുമായി സന്ദീപാനന്ദഗിരി

single-img
25 May 2017

ചാനൽ ചർച്ചയ്ക്കിടയിൽ തന്നെ കള്ളസ്വാമിയെന്നു പരാമർശിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെതിരേ രൂക്ഷവിമർശനവുമായി സ്വാമി സന്ദീപാ‍നന്ദഗിരി. “സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,
ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?” എന്നു രൂക്ഷമായ ഭാഷയിലാണു സന്ദീപാനന്ദഗിരി പ്രതികരിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണു സ്വാമി സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞില്ലെന്നും ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ  ഭാരതീയ ജനതാ പാർട്ടിയുടെ കെ.സുരേന്ദ്രൻ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകൾ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടിട്ടാണു താൻ പ്രതികരിക്കുന്നതെന്നുപറഞ്ഞുകൊണ്ടാണു സ്വാമിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

നമ്മൾ തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ എന്നു ചോദിച്ച സ്വാമി, സുരേന്ദ്രനു തന്നെക്കുറിച്ചറിയണാമെങ്കിൽ ഓ രാജഗോപാലിനോടോ, പി പരമേശ്വരനോടോ സികെ പദ്മനാഭനോടോ ചോദിക്കാനും നിർദ്ദേശിച്ചു.

അഭിപ്രായ ഭിന്നതകൾ പലവിഷയങ്ങളിലുമുണ്ട്. അതൊരുവീട്ടിൽ പോലുമില്ലേയെന്നു ചോദിച്ച സ്വാമി , സുരേന്ദ്രൻ പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണമെന്നും അവസാനം ഉള്ളിക്കറിപോലെയാകരുതെന്നും പരിഹസിച്ചുകൊണ്ടാണു പോസ്റ്റ് അവസാനിപ്പിക്കുന്നത്.