വിമര്‍ശനങ്ങളില്‍ അടിപതറാതെ പിണറായി സര്‍ക്കാര്‍

single-img
25 May 2017

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഇന്ന് ഭരണത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എല്ലാം ശരിയാകും എന്ന വാഗ്ദാനത്തിന്റെ ചിറകിലേറിയാണ് പിണറായി സര്‍ക്കാര്‍ ഭരണത്തിലേക്കെത്തിയത്. ഏതൊരു സര്‍ക്കാറിനെയും പോലെ തന്നെ വിവാദ വിഷയങ്ങളും വിമര്‍ശനങ്ങളും വേണ്ടുവോളം അഭിമുഖീകരിച്ചു. എങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാന വകുപ്പുകളില്‍ നിരവധി നേട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ”സമസ്ത മേഖലയിലും വികസനത്തിന്റെ കൈയൊപ്പ് പതിപ്പിച്ചും മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയും ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചാണ് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നത് എന്നാണ് സര്‍ക്കാര്‍ നിലപാട്”.

 

മെത്രാന്‍ കായല്‍ ഏറ്റെടുത്തു കൃഷി നടത്തിയതും, പൂട്ടി കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നതും വിജിലന്‍സ് കാര്യക്ഷമമായതോടെ പല വകുപ്പിലെയും അഴിമതികള്‍ തടയാന്‍ കഴിഞ്ഞതും പെന്‍ഷനുകള്‍ കൊടുത്തു തീര്‍ത്തതുമെല്ലാം സുപ്രധാനമായ നേട്ടങ്ങളായിരുന്നു. അധികാരത്തിലേറി നൂറു ദിവസത്തിനുള്ളിലാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യ വികസനം മുതല്‍ കൃഷിയും വിദ്യാഭ്യാസവും വരെ മെച്ചമാക്കുന്ന നവകേരളത്തിനായി നാല് പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

 

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഫലമായിരുന്നു ഈ സര്‍ക്കാര്‍. അതുകൊണ്ട് തന്നെ അഴിമതി തടയല്‍ പിണറായി സര്‍ക്കാറിന്റെ മുഖ്യ അജണ്ടയുമായിരുന്നു. അഴിമതി വിവാദങ്ങള്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നിട്ടില്ല എന്നത് എടുത്തു പറയേണ്ട നേട്ടമാണ്.

 

ആരുവിചാരിച്ചാലും രക്ഷപ്പെടില്ലെന്നു പറഞ്ഞ് പലരും എഴുതി തള്ളിയ കെഎസ്ആര്‍ടി സിയില്‍ എല്ലാ ശരിയാക്കുമെന്ന പ്രതീതിയാണ് ഒന്നാം വര്‍ഷത്തില്‍ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലാളികളുടെ മുറുമുറുപ്പിനിടയിലും ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം സര്‍ക്കാര്‍ ബെല്ലടിച്ചു നിര്‍ത്തി. സുശീല്‍ ഖന്ന സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കി.

 

കൊടിയ വേനലില്‍ ചുട്ടു പൊള്ളിയപ്പോഴും മിക്ക സ്ഥലങ്ങളിലും ജലം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട നേട്ടമാണ്. അടുത്ത കാലത്തു തിരുവനന്തപുരത്തു കുടിവെള്ള ക്ഷാമം ഉണ്ടായപ്പോള്‍ നെയ്യാറില്‍ നിന്ന് അരുവിക്കരയില്‍ ജലം എത്തിച്ചത് വിസ്മയകരമായ വേഗത്തില്‍ ആയിരുന്നു. തലസ്ഥാന നഗരിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച ജലസേചന വകുപ്പിന്റെ നടപടി വലിയ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കി.

 

കേന്ദ്രത്തില്‍നിന്ന് അരി കിട്ടാതിരുന്നിട്ടും സ്വന്തംനിലയ്ക്ക് അരി എത്തിച്ചും കണ്‍സ്യൂമര്‍ഫെഡിനെയും സപ്‌ളൈകോയെയും കമ്പോളത്തിലിടപെടുവിച്ച് വില നിയന്ത്രിച്ചതും ജനപക്ഷബദലിന്റെ മറ്റൊരു മുഖമാണ് സംസ്ഥാനം മുന്നോട്ട് വച്ചത്. വികസനത്തിന്റെയും കരുതലിന്റെയും പുത്തന്‍പന്ഥാവുമായി സംസ്ഥാനത്തിന് സ്വന്തം ബാങ്ക്‌കേരള ബാങ്ക് സര്‍ക്കാര്‍ യാഥാര്‍ഥ്യമാകുകയാണ്.

 

സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനും ഈ സര്‍ക്കാരിന് സാധിച്ചു. സന്നദ്ധ സംഘടനകളെ അടക്കം പങ്കെടുപ്പിച്ച് എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനും ആദ്യ വര്‍ഷത്തില്‍ സര്‍ക്കാരിനായി. പദ്ധതി പ്രകാരം ഒരു ലക്ഷത്തി അന്‍പത്തി ഒന്നായിരം വീടുകള്‍ക്കാണ് വൈദ്യുതി കിട്ടിയത്. ആദിവാസികള്‍ക്കുള്‍പ്പെടെ 2.5 ലക്ഷം പേര്‍ക്ക് പുതിയതായി വൈദ്യുതി നല്‍കി. കടുത്ത വരള്‍ച്ചയിലും കേരളത്തില്‍ പവര്‍ക്കട്ടോ ലോഡ്‌ഷെഡിങ്ങോ ഏര്‍പ്പെടുത്തിയില്ല എന്നതും എടുത്തു പറയത്തക്ക നേട്ടമാണ്.

 

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌കൂള്‍ തുറക്കും മുന്‍പെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനായതും സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. വിദ്യാഭ്യാസ വായ്പ എടുത്തു തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യക്ക് ഒരുങ്ങി കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കും. അതിനു വേണ്ടി 900 കോടി രൂപയുടെ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.

 

ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല വീടുകളിലെത്തിച്ചുകൊടുത്തു എന്നതും സര്‍ക്കാരിന് മുതല്‍ക്കൂട്ടാണ്.
ലൈഫ് പദ്ധതിയിലൂടെ കേരളത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള പദ്ധതി, 5 വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെ കേരളത്തില്‍ എല്ലാവര്‍ക്കും വീട് ലഭിക്കും. ഇത് മാത്രം മതി സര്‍ക്കാരിന്റ നേട്ടം വിലയിരുത്താന്‍ എന്നാണ് മന്ത്രിമാരുടെ അഭിപ്രായം.

 

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്ന എല്ലാ കേസുകളിലും ശക്തമായ നടപടി ഉണ്ടായി എന്നതും സര്‍ക്കാരിന് നേട്ടമായി ഉയര്‍ത്തിക്കാട്ടാനായി. സെക്രട്ടറിയറ്റ് ജീവനക്കാരുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിനായുള്ള ചട്ടങ്ങള്‍ തയ്യാറാക്കി തുടങ്ങി. 6500 കോടിയുടെ തീരദേശ ഹൈവേ മുന്നോട്ടു പോകുന്നു. 3500 കോടിയുടെ മലയോര ഹൈവേ നടപടി തുടങ്ങി. വിവാദങ്ങള്‍ക്കിടയിലും ഇങ്ങനെ ഒരുപാട് നേട്ടങ്ങളാണ് പിണറായി സര്‍ക്കാരിന് ഒരു വര്‍ഷത്തെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടാനുള്ളത്.
നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും ജനക്ഷേമ പദ്ധതികളേക്കാളേറെ വിവാദങ്ങള്‍ കൊണ്ട് സമ്പന്നമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു വര്‍ഷം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണേണ്ടായെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതില്‍ തുടങ്ങി ടി പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് കടന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതിയില്‍ ഉണ്ടായ ആശയക്കുഴപ്പം വരെ എത്തി നില്‍ക്കുന്നു അത്. സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്റെയും, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റേയും രാജി എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി. ടി പി സെന്‍കുമാറിനെ തിരിച്ച് നിയമിക്കേണ്ടി വന്നത് നാണക്കേടായി. ഒട്ടുമിക്ക തീരുമാനങ്ങളിലും, പ്രത്യേകിച്ച് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സിപിഎമ്മുംസിപിഐയും തമ്മിലടിച്ചു. ഇതെല്ലാം വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു.
ഇങ്ങിനെയൊക്കെ ആണെങ്കിലും മുന്നണി സംവിധാനത്തിലുള്ള സര്‍ക്കാരിനെ നയിച്ച ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത നിയന്ത്രണമാണ് ഈ സര്‍ക്കാരില്‍ പിണറായിക്കുള്ളത്. അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സര്‍ക്കാരിന്റെ നായകന്‍.