അമ്മ മരിച്ചതറിയാതെ മുലപ്പാലിനായി കരയുന്ന കുഞ്ഞ്, രാജ്യത്തിന്റെ നൊമ്പരമായി മധ്യപ്രദേശില്‍ നിന്നുള്ള ഈ കാഴ്ച

single-img
25 May 2017

ഭോപ്പാല്‍: ആരുടെയും കരളലിയിപ്പിക്കുന്ന രംഗം. രാജ്യത്തിന്റെ തന്നെ നൊമ്പരമായി മാറിയിരിക്കുകയാണ് ഈ ചിത്രം. അമ്മ മരിച്ചതറിയാതെ മുലപ്പാലിനായി കരയുന്ന ഒന്നര വയസ്സുകാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ മുഴുവന്‍ വേദനയായി മാറിക്കഴിഞ്ഞു. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ഡമായില്‍ റെയില്‍വേ ട്രാക്കിന് സമീപമാണ് ഈ ദാരുണ സംഭവം.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ പോലീസിനും കണ്ണീരടക്കാന്‍ ഏറെ പാടുപെടേണ്ടി വന്നു. മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിനെ ആ അമ്മയുടെ നെഞ്ചില്‍ നിന്നും എടുത്തു മാറ്റാന്‍ അവര്‍ നന്നേ പാടുപെട്ടു. അവിടെ ഉണ്ടായിരുന്ന ഏവരുടെയും കണ്ണു നനയിച്ചുകൊണ്ട് പോലീസുകാര്‍ ആ അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പെടുത്തി.  കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചിലിനിടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയില്‍വേ പൊലീസ് ഓഫീസര്‍ അനില്‍ മറാവി പറഞ്ഞു. പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു.

സ്ത്രീ ട്രെയിനില്‍ നിന്ന് വീണതോ, ട്രെയിന്‍തട്ടി മരിച്ചതോ ആകാം എന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ മൃതദേഹത്തില്‍ ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തം വന്നിരുന്നു. തലയിടിച്ച് വീണപ്പോഴുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ അമ്മ തന്റെ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാലാകാം കുട്ടിക്ക് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും പരിസരത്തുനിന്ന് ലഭിച്ചിരുന്നില്ല. കുടുംബത്തെ കണ്ടെത്തി കൈമാറുന്നതുവരെ ശിശുക്ഷേമ സമിതിക്കാവും കുട്ടിയുടെ സംരക്ഷണച്ചുമതല. ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി അറിയിച്ചു.