എഐഎസ്‌എഫ് നേതാവ് പരാതി പിന്‍വലിച്ചു; ലക്ഷ്മി നായര്‍ക്കെതിരായ കേസ് ഹൈക്കോടതി തീര്‍പ്പാക്കി

single-img
25 May 2017

 

 

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുളള കേസ് ഹൈക്കോടതി തീര്‍പ്പാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതി വിദ്യാര്‍ത്ഥികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

 

പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചതാണ്‌. ഈ കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയയാകാന്‍ താന്‍ തയ്യാറാണെന്നും ആരെയും താന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ലക്ഷ്മിനായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

തിരുവനന്തപുരം ലോ അക്കാഡമിയില്‍ സമരം നടക്കുമ്പോള്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന ആരോപണം ലക്ഷ്മിനായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ 1989ലെ പട്ടിക ജാതി പട്ടിക വര്‍ഗനിയമപ്രകാരമാണ് പൊലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും. കേസിന്റെ കാര്യത്തില്‍ പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് നേതാവ് താന്‍ നല്‍കിയ പരാതി പിന്‍വലിച്ചതും കേസ് തീര്‍പ്പാകുന്നതും.