ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് മന്ത്രിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം വന്‍ നിര. അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

single-img
25 May 2017

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് എത്തിയത് മന്ത്രിയും എം.എല്‍.എമാരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം വന്‍ വിഐപി നിര. ബി.ജെ.പി നേതാവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ ഗരീഷ് മഹാജന്‍, ബി.ജെ.പി എം.ല്‍.എമാരായ ദേവ്‌യാനി ഫരണ്ടെ, ബാലാസാഹേബ് സനപ്, സീമ ഹിരയ് എന്നിവര്‍ക്കൊക്കൊപ്പം നാഷിക് മേയര്‍ രഞ്ജന ഭനസി, ഡെപ്യൂട്ടി മേയര്‍ പ്രതാമേഷ് ഗിറ്റെ എന്നിവരും മറ്റ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ദാവൂദിന്റെ മരുമകളുടെ വിവാഹ വിരുന്നിനെത്തിയത്. മെയ് 19നായിരുന്നു ചടങ്ങ്.

 

അസിസ്റ്റന്‍ഡ് കമ്മീഷണറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമടക്കം പത്തിലധികം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വിവാഹത്തിനെത്തിയിരുന്നു. വിവാഹ വിരുന്നിന്റെ ഫോട്ടോ പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാഷിക് പോലീസ് കമ്മീഷണര്‍ രവീന്ദ്ര സിംഗാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിംഗാളിനോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

വിവാഹം ദാവൂദിന്റെ ഭാര്യയുടെ ബന്ധുവിന്റെതു തന്നെയാണെന്ന് കമ്മീഷണര്‍ സിംഗാള്‍ വ്യക്തമാക്കി. അതേസമയം, വിവാഹത്തില്‍ പങ്കെടുത്തതായും എന്നാല്‍ ആ കുടുംബത്തിന് ദാവൂദിനുമായുള്ള ബന്ധം അറിയില്ലായിരുന്നു എന്നും മന്ത്രി ഗിരീഷ് മഹാജന്‍ പ്രതികരിച്ചു. പ്രാദേശിക മുസ്ലിം മതപുരോഹിതനായ ശാഹറിന്റെ ക്ഷണപ്രകാരമാണ് വിവാഹത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.