തീവ്രവാദത്തിനായി സര്‍ക്കാര്‍ തുക വകമാറ്റി ചെലവഴിച്ചു; അസമില്‍ ബിജെപി നേതാവടക്കം മൂന്ന് പേര്‍ക്ക് ജീവപര്യന്തം

single-img
25 May 2017

ഗുവാഹത്തി: സര്‍ക്കാര്‍ തുക തീവ്രവാദത്തിനായി വകമാറ്റി ചെലവഴിച്ച കേസില്‍ ബിജെപി നേതാവടക്കം മൂന്നുപേരെ പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ബിജെപി നേതാവും അസം ഉപകാര്യാലയത്തിലെ കൗണ്‍സിലറുമായ നിരഞ്ജന്‍ ഹോജായി, മറ്റൊരംഗമായ മോഹത് ഹോജായി, ‘ദീമാ ഹലാം ദാവോഗാഹ്’ എന്ന തീവ്രവാദ സംഘടനയുടെ സ്വയം പ്രഖ്യാപിത ചെയര്‍മാനായിരുന്ന ജുവല്‍ ഗാര്‍ലോസാ എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

 
സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ആസാം ഹിന്‍ണ്‍സിലിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന ആര്‍ എച്ച് ഖാന്‍, കരാറുകാരനായിരുന്ന പോജെന്ദ്രാ ഹോജായി, ദീമാ ഹലാം ദാവോഗാഹ് അംഗമായിരുന്ന ആശിന്ദ്രാഗോ വാറീസാ, മിസോറാം ആയുധക്കടത്തുക്കാരനായ വന്‍ലാല്‍ചാന, മറ്റൊരു കരാറുകാരാനായ ജനന്ത കുമാര്‍ ജോഷ് എന്നിവര്‍ക്ക് 10 മുതല്‍ 12 വര്‍ഷം വരെ തടവ് ശിക്ഷയും കോടതി വിധിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ വേണ്ടി ഉപയോഗിച്ചുവെന്നാണ് എന്‍ഐഎയുടെ പ്രധാന കണ്ടെത്തല്‍. ഇത്തരത്തില്‍ വാങ്ങുന്ന ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 1000 കോടിയോളം രൂപയുടെ വെട്ടിപ്പാണ് നടന്നത്.

 

കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള ഫണ്ടാണ് വെട്ടിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ബിജെപി നേതാവ് നിരഞ്ജന്‍ ഹോജായിയെ തടവ് ശിക്ഷയ്ക്ക് വിധിച്ച കോടതിയുടെ വിധിക്കെതിരായി ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന വക്താവ് ബിജാന്‍ മഹാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശിക്ഷിക്കപ്പെട്ടവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊഴികെയുള്ളവരെല്ലാം മുന്‍പ് ഭീകരസംഘടനയായ ദിമാ ഹലം ഡോഗായുടെ പ്രവര്‍ത്തകരാണ്. ദിമാ ഹസോ ജില്ലാ സ്വയംഭരണ കൗണ്‍സിലിലെ ചീഫ് എക്‌സിക്യുട്ടീവ് അംഗമാണ് നിലവില്‍ നിരഞ്ജന്‍ ഹോജയ്. മുന്‍പ് ഭീകരസംഘടനയായ ദിമാ ഹലം ഡോഗായുടെ കമാന്റര്‍ ഇന്‍ ചീഫായിരുന്നു അദ്ദേഹം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രമുഖ തീവ്രവാദസംഘടനയായിരുന്നു ഇത്. പിന്നീട് നിരഞ്ജന്‍ കീഴടങ്ങി കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.