ബാബ്‌റി മസ്ജിദ് കേസ്: അദ്വാനിയും ഉമാഭാരതിയും നാളെ നേരിട്ട് ഹാജരാകണമെന്ന് കോടതി

single-img
25 May 2017

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളോട് കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും നാളെ കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ സാധ്യതയുണ്ട്.

 

അതേസമയം, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക സി.ബി.ഐ കോടതി പുതിയ വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. ബുധനാഴ്ച വാദം കേള്‍ക്കല്‍ പുനരാരംഭിച്ച കോടതി ശിവസേന എം.പി സതീഷ് പ്രധാന് ജാമ്യം അനുവദിച്ചു. കോടതിയില്‍ കീഴടങ്ങിയ പ്രധാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷമാണ് ജാമ്യം നല്‍കിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഹാജരാകാതിരുന്ന ശിവസേന നേതാവ് ബുധനാഴ്ച കീഴടങ്ങിയ ഉടന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി.

 

അഞ്ച് വിഎച്ച്പി നേതാക്കള്‍ക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. രാംവിലാസ് വേദാന്തി, ചമ്പത്ത് റായി, ബൈക്കുന്ത് ലാല്‍ ശര്‍മ, മഹന്ത് നൃത്യഗോപാല്‍ ദാസ്, ധര്‍മദാസ് മഹാരാജ് എന്നിവര്‍ക്കാണ് മേയ് 20ന് ജാമ്യം നല്‍കിയത്. കഴിഞ്ഞ മാസം 19നാണ് അദ്വാനിക്ക് പുറമെ കേന്ദ്രമന്ത്രി ഉമാ ഭാരതി, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കെതിരായ കേസ് ഒരുമാസത്തിനകം പുനരാരംഭിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. രണ്ടുവര്‍ഷത്തിനകം വിധി പറയണമെന്നും ഉത്തരവിട്ടു.