വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ; കേന്ദ്രവും യുഡിഎഫ് സര്‍ക്കാരും ഗൂഢാലോചന നടത്തിയെന്ന്‌ കാനം രാജേന്ദ്രന്‍

single-img
25 May 2017

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുമേഖലയിലെ പദ്ധതി അദാനിക്ക് തീറെഴുതി കൊടുക്കുകയാണെന്നും കേന്ദ്രവും മുന്‍ യുഡിഎഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയെന്നും കാനം പറഞ്ഞു.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്കേ സാധിക്കുകയുള്ളൂ. യുഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പുമായി ഒളിഞ്ഞും തെളിഞ്ഞും നേരിട്ട് ചര്‍ച്ച ചെയ്തുണ്ടാക്കിയ വിഴിഞ്ഞം തുറമുഖ കരാര്‍ കൊടിയ അഴിമതിക്ക് വഴിമരുന്നിട്ടു കൊടുക്കാനാണ്. സംസ്ഥാന പൊതുഖജനാവിലെ പണം അദാനിയുടെ കീശയിലെത്തിക്കാനുള്ള മാര്‍ഗങ്ങളാണ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കമിട്ടു ആദ്യം പറഞ്ഞത് സിപിഐ ആണെന്നും കാനം വ്യക്തമാക്കി. സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും സിപിഐ അണ്. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് കരാറിന്റെ നിയമവശങ്ങള്‍ പോലും പരിശോധിക്കാതെ അതിവേഗത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് തീറെഴുതി കൊടുക്കാന്‍ യുഡിഎഫിലെ ഉന്നതര്‍ കാണിച്ച തിടുക്കം അഴിമതി നടത്തി പണമുണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് സിഎജി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ സംശയാതീതമായി തെളിയിച്ചിരിക്കുന്നു.

 

ഏറ്റവും ലളിതമായി പറഞ്ഞാല്‍ 7525 കോടി മുതല്‍മുടക്കുള്ള പദ്ധതിയില്‍ കേരള സര്‍ക്കാര്‍ മുടക്കുന്നത് 5071 കോടിയാണ്. അതായത് 67 ശതമാനം. അദാനി ഗ്രൂപ്പ് മുടക്കുന്നത് 2454 കോടി അതായത് 33 ശതമാനം. എന്നാല്‍ പദ്ധതിയില്‍ നിന്നു ലഭിക്കുന്ന വരുമാനം എന്‍പിപി സംസ്ഥാനത്തിന് 3,866.33 കോടിയും അദാനിയുടേത് +607.19 കോടിയുമാണ്. എന്‍പിപി അഥവാ നെറ്റ് പ്രസന്റ് വാല്യു എന്നാല്‍ ഒരു പദ്ധതിയുടെ ചെലവുകളും ധനപരമായ നേട്ടങ്ങളുമാണ് സൂചിപ്പിക്കുന്നത്. പൂജ്യം എന്‍പിപിയില്‍ താഴെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് വരവിനേക്കാള്‍ ചെലവിനെ സൂചിപ്പിക്കുന്നതിനാല്‍ അവ നടപ്പിലാക്കരുത് എന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നിലവിലുള്ളപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ 3866.33 കോടി നഷ്ടം വരുന്ന പദ്ധതി ആ പദ്ധതിയുടെ 67 ശതമാനം ചെലവും വഹിച്ചുകൊണ്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.