വിഴിഞ്ഞം കരാർ: സി എ ജിയുടേത് നോട്ടപ്പിശകെന്ന് ഉമ്മൻ ചാണ്ടി

single-img
24 May 2017

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിൽ അഴിമതിയുണ്ടെന്ന സി എ  ജി റിപ്പോർട്ടിനെ കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സിഎജിക്ക് നോട്ടപ്പിശകുണ്ടായിട്ടുണ്ട്. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചൽ പദ്ധതിയുമായി വിഴിഞ്ഞത്തെ താരതമ്യം ചെയ്തതു ശരിയല്ല. പദ്ധതിയെക്കുറിച്ചു സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അവസരം നല്‍കിയില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

വിഴിഞ്ഞം കരാറില്‍ അദാനിക്കു വഴിവിട്ട സഹായം നല്‍കിയെന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും ടി.വി. രാജേഷിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പൊതു, സ്വകാര്യ പദ്ധതികളിലെ നിർമാണ, നടത്തിപ്പു കാലാവധി 30 വർഷമായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറിൽ അത് 40 വർഷമാക്കി ഉയർത്തിയെന്നും ഇതുമൂലം, കരാറുകാരായ അദാനി പോർട്സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നുമായിരുന്നു സിഎജി റിപ്പോർട്ട്.

കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും കെപിസിസി മുൻ‌ പ്രസിഡന്റ് വി.എം.സുധീരനും വ്യക്തമാക്കിയിരുന്നു.

എന്നാൽ വിഴിഞ്ഞം കരാറിൽ തർക്കമുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും എൽഡിഎഫ് – യുഡിഎഫ് കാലത്തെ ഫയലുകൾ താരതമ്യം ചെയ്ത് ഏതു കരാറാണ് സംസ്ഥാന താൽപര്യത്തിനു മെച്ചമെന്നു പരിശോധിക്കണമെന്നുമാണു ഉമ്മൻചാണ്ടി പ്രതികരിച്ചത്.

വിഴിഞ്ഞം കരാറിന്‍റെ പേരില്‍ കുറ്റബോധമില്ല, അഭിമാനം മാത്രമാണുള്ളത്. പദ്ധതി‌യു‌ടെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. കരാര്‍ കാലാവധി 40 വര്‍ഷമായി നീട്ടിയത് ഏകപക്ഷീയ തീരുമാനമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.