മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ:ഫോറന്‍സിക് പരിശോധന നടന്നുവരുന്നു

single-img
24 May 2017

കൊച്ചി : ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ തെളിവുള്ളതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. എഫ്.ഐ ആര്‍ പ്രകാരം തനിക്കെതിരെ നിലനില്‍കുന്ന കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ തങ്ങളുടെ നിലാപാട് കോടതിയെ അറിയിച്ചത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രധാന തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനക്കായി ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ടെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഫോണ്‍ സംഭാഷണങ്ങള്‍ മാത്രം പ്രധാന തെളിവായി സ്വീകരിക്കാനാവില്ലെന്നും കേസില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ വിജിലന്‍സ് കണ്ടെത്തണമെന്നും കോടതി നിരീകഷിച്ചു. കേസന്വേഷണം കൂടുതല്‍ കാലയളവിലേക്ക് നീട്ടി കൊണ്ടു പോകരുതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമയ പരിധി നിശ്ചയിക്കണമെന്നും നിശ്ചിത സമയ പരിധിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ കേസന്വേഷണം നടത്തണമെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

ഫോണ്‍ സംഭാഷണം വെച്ച് മാത്രം അഴിമതി നിരോധന പ്രകാരം കേസെടുക്കാനാകില്ലെന്നും കേസില്‍ സാക്ഷി മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ വന്നുവെന്നും ഇക്കാര്യം വിജിലന്‍സ് കോടതിയെ ബോധിപ്പിക്കണമെന്നും കോടതി ഉത്തരവില്‍ സൂചിപ്പിച്ചു.