രണ്ടു ടേമെന്ന പാര്‍ട്ടി ചട്ടം മാറ്റണം:യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം.

single-img
24 May 2017

കൊല്‍ക്കത്ത: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി സിപിഎം ബംഗാള്‍ ഘടകം. ഈ ആവശ്യം ഉന്നയിച്ച് ബംഗാള്‍ ഘടകം പാര്‍ട്ടി പൊളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കി. അടുത്ത യോഗത്തില്‍ പിബി കത്ത് ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നും ഇതിനായി രണ്ടു ടേം മാറ്റണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

സിപിഎമ്മിന്റെ നയമനുസരിച്ച് രണ്ട് ടേമില്‍ കൂടുതല്‍ ഒരാളെ രാജ്യസഭയിലേക്ക് അയക്കാറില്ല. എന്നാല്‍ യെച്ചൂരിയുടെ കാര്യത്തില്‍ രണ്ട് ടേം എന്ന നിബന്ധനയില്‍ ഇളവ് നല്‍കണമെന്നാണ് ബംഗാള്‍ ഘടകം ആവശ്യപ്പെടുന്നത്.രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. സിപിഐഎം കീഴ്വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ യെച്ചൂരി താത്പര്യപ്പെടുന്നെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസും നിലപാട് അറിയിച്ചിരുന്നു. ബംഗാളിലെ കക്ഷിനില വച്ച് കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഒരാളെ രാജ്യസഭയിലേക്ക് ജയിപ്പിക്കാനുള്ള അംഗബലം ഇടതുപക്ഷത്തിനില്ല.