വിഴിഞ്ഞം കരാര്‍ : സിഎജി റിപ്പോര്‍ട്ട് ഗൗരവതരം;പരിശോധിക്കാന്‍ സംവിധാനമൊരുക്കുമെന്നേ പറയാനാവൂ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍.

single-img
24 May 2017

പിണറായി വിജയൻ

തിരുവനന്തപുരം : കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പറ്റി പരിശോധിക്കാന്‍ സംവിധാനം സംവിധാനമൊരുക്കുമെന്നേ പറയാനാവൂ എന്ന് അദ്ദേഹം വ്യകതമാക്കി. ടി. വി. രാജേഷ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന വ്യവസ്ഥകള്‍ പലതും സംസ്ഥാന താല്‍പ്യത്തിന് എതിരാണെന്ന് ചുണ്ടിക്കാട്ടി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് മുഖാന്തരം അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക വരുമാനം ഉണ്ടാക്കിനല്‍കുമെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഇതിനു പുറമെ 10 വര്‍ഷത്തിനു പകരം 20 വര്‍ഷം കൂടി കാലാവധി അനുവദിച്ചു നല്‍കുന്ന വ്യവസ്ഥയില്‍ കരാറുകാര്‍ക്ക് 61,095 കോടി രൂപയുടെ അധിക വരുമാനം കിട്ടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കായി പുറമെ നിന്നുള്ള ഏജന്‍സികള്‍ ചെലവു റിപ്പോര്‍്ട്ട് തയ്യാറാക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ച ശേഷം മാത്രമേ അംഗീകാരം നല്‍കാവൂ എന്നും പിപിപി കരാറുകളില്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉറപ്പുവരുത്തണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നു.

അതേസമയം വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതാന്‍ പിണറായി സര്‍ക്കാരിനാവില്ലെന്നും ചില രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കരാര്‍ പ്രകാരം പ്രരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ച സാഹചര്യത്തില്‍ പുന: പരിശോധന ദോഷം ചെയ്‌തേക്കുമോ എന്ന ഭയം സര്‍ക്കാരിന് ഉള്ളതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ച് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ നടത്തിയ സബ്മിഷന്്് പിന്നാലെയായിരുന്നു സിഎജി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.