ദളിതര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങും വഴി വീണ്ടും ആക്രമണം; ദളിതര്‍ക്ക് നേരെ നടന്ന സവര്‍ണരുടെ ആക്രമണത്തിൽ രണ്ട് മരണം

single-img
24 May 2017

ലഖ്നൗ:ദളിതര്‍ക്ക് നേരെ വീണ്ടും സവര്‍ണവിഭാഗക്കാരുടെ ആക്രമണം. സഹാറന്‍പൂരില്‍ താക്കൂര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ റാലി നടന്നിരുന്നു. ഈ റാലിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് ദളിതര്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. പ്രതിഷേധക്കാരെയും കൊണ്ട് ഗ്രാമത്തിലേക്ക് വരികയായിരുന്ന ലോറി താക്കൂര്‍ വിഭാഗക്കാര്‍ തടഞ്ഞു. തുടര്‍ന്ന് വാളുകള്‍ ഉള്‍പെടെയുള്ള മാരക ആയുധങ്ങളുമായി താക്കൂര്‍ വിഭാഗക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ ദളിത് വിഭാഗക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ സഹാറന്‍പൂരില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ മെയ് അഞ്ചിനാണ് ശഹരണ്‍പൂരില്‍ ജാതിസംഘര്‍ഷം ആരംഭിക്കുന്നത്. ദളിതര്‍ക്ക് നേരെ സവര്‍ണജാതിക്കാരായ താക്കൂര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രജപുത്ര രാജാവായ മഹാറാണാ പ്രതാപിന്റെ അനുസ്മരണ റാലിക്കിടെ ശബ്ദമലിനീകരണം നടത്തിയത് ദളിതര്‍ ചോദ്യം ചെയ്തതാണ് താക്കൂര്‍ വിഭാഗക്കാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് താക്കൂര്‍ വിഭാഗം ദളിതര്‍ക്ക് നേരെ സംഘടിതാക്രമണം നടത്തി. സവര്‍ണര്‍ ദളിതരുടെ 25 വീടുകള്‍ക്ക് തീവെയ്ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെതിരെ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാര്‍ ഡല്‍ഹിയില്‍ കൂറ്റന്‍ പ്രതിഷേധറാലി നടത്തിയിരുന്നു. റാലി നടത്തരുതെന്ന ഡെല്‍ഹി പൊലീസ് വിലക്ക് മറികടന്നാണ് യുപിയില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് ദളിതര്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ച് നടന്നത്. ശഹരണ്‍പൂര്‍ ജാതിസംഘര്‍ഷത്തെത്തുടര്‍ന്ന് യുപി പൊലീസ് ദളിത് വിരുദ്ധതയും പക്ഷപാതവും കാണിക്കുയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.