പരിശീലന സാമഗ്രികള്‍ ഇല്ലാത്തതിനാല്‍ പഠിതാക്കള്‍ ഇല്ല;തലശ്ശേരിയിലെ സംസ്ഥാന സര്‍ക്കസ് അക്കാദമിയുടെ പ്രവര്‍ത്തനം നിലച്ചു

single-img
24 May 2017

തലശ്ശേരി: ആധുനിക പരിശീലന സാമഗ്രികള്‍ ഇല്ലാത്തതിനാല്‍ പഠിതാക്കള്‍ നാട്ടിലേക്ക് മടങ്ങി. ധര്‍മ്മടം ചിറക്കുനിയിലെ സംസ്ഥാന സര്‍ക്കസ് അക്കാദമിയുടെ പ്രവര്‍ത്തനം നിലച്ചു. സര്‍ക്കസിന്റെ ഈറ്റില്ലമെന്നാണ് തലശ്ശേരി അറിയപ്പെടുന്നത്. നിരവധി സര്‍ക്കസ് കലാകാരന്‍മാരാണ് തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും ഉള്ളത്. ഇതിനാലാണ് സംസ്ഥാന സര്‍ക്കസ് അക്കാദമി തലശ്ശേരിയില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് 2009 ല്‍ ചിറക്കുനിയില്‍ സര്‍ക്കസ് അക്കാദമി സ്ഥാപിച്ചത്.

എന്നാല്‍ ഇപ്പോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഒരു കുട്ടി മാത്രമാണ് അക്കാദമിയില്‍ പഠനത്തിനുണ്ടായിരുന്നത്. ഈ വിദ്യാര്‍ത്ഥിയും നാട്ടിലേക്ക് മടങ്ങിയതോടെയാണ് അക്കാദമി പേരില്‍ മാത്രമൊതുങ്ങിയത്. 3 പരിശീലകര്‍, പാചക തൊഴിലാളി, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം പോലും ലഭിച്ചിട്ടില്ല. 2009 ല്‍ സര്‍ക്കാരിന്റെ കാലത്താണ് പഴയ രാജ് കമല്‍ തിയേറ്റര്‍ സര്‍ക്കസ് അക്കാദമിയാക്കി മാറ്റിയത്. രാജ് കമല്‍ സര്‍ക്കസ് ഉടമയുടെ ടാക്കീസിന് 30000 രൂപയാണ് പ്രതിമാസ വാടകയായി നല്‍കിയത്.

ഇതിനിടെ സ്വന്തമായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. തുടക്കത്തില്‍ പത്തോളം കുട്ടികളാണ് അക്കാദമിയില്‍ പ്രവേശനം നേടിയത്. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന ഇവരെ സമീപത്തെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ച് ഔപചാരിക വിദ്യാഭ്യാസവും നല്‍കി. ഭക്ഷണം, താമസം, പരിശീലനം എന്നിവ സൗജന്യമായിരുന്നു. എന്നാല്‍ ആധുനിക ഉപകരണങ്ങളോ പരിശീലന സമ്പ്രദായമോ ഇല്ലാതെ ചാട്ടവും മലക്കം മറിച്ചലും മാത്രമായി പരിശീലനം പരിമിതപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകാന്‍ തുടങ്ങിയത്. അന്യസംസ്ഥാന സര്‍ക്കസ് താരങ്ങളുടെ മക്കള്‍ മാത്രമാണ് അക്കാദമിയില്‍ പ്രവേശനം നേടിയത്. മലയാളികളാരും ഇത് വരെ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുമില്ല. പഠിതാക്കള്‍ ഇല്ലാതായതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ അക്കാദമി പൂട്ടാന്‍ നീക്കമുണ്ടായെങ്കിലും നടന്നില്ല . ഇ പി ജയരാജന്‍ കായിക മന്ത്രിയായിരുന്നപ്പോള്‍ അക്കാദമി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ആ സ്ഥാനത്ത് നിന്നും മാറിയതോടെ ആ നീക്കങ്ങളും ഫലം കാണാതെ പോവുകയായിരുന്നു. സര്‍ക്കസിന്റെ നാട് എന്ന ഖ്യാതി ഉള്ളത് കൊണ്ട് തന്നെ അക്കാദമിക്ക് പുതുജീവന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് തമ്പിന് വേണ്ടി ജീവിതം ഹോമിച്ചവരുടെയും സര്‍ക്കസിനെ സ്‌നേഹിക്കുന്നവരുടെയും ആവശ്യം.