സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച യുവതി എന്ന പേരില്‍ വ്യാജ വാര്‍ത്തയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; സാമൂഹ്യ പ്രവര്‍ത്തക ധന്യാ രാമന്‍ ഡിജിപിക്ക് പരാതി നല്‍കി

single-img
24 May 2017

ധന്യാ രാമൻ

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ ജനനേന്ദ്രിയം മുറിച്ച യുവതിയെന്ന പേരില്‍ തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തക ധന്യാ രാമന്‍ ഡിജിപിക്ക് പരാതി നല്‍കി. ഫേസ് ബുക്ക് വഴിയും വാട്ട്‌സ് അപ്പിലൂടെയും ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച യുവതി താനാണെന്ന പേരില്‍ വ്യാജ വാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായാണ് ധന്യാ രാമന്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇത്തരം വ്യാജ പ്രചരണങ്ങള്‍ വ്യക്തിയും സാമൂഹിക പ്രവര്‍ത്തകയുമെന്ന നിലയില്‍ തനിക്ക് വേദനയുളവാക്കുന്നതായും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഡിജിപി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ നിയമത്തില്‍ അങ്ങേയറ്റം വിശ്വാസ്യത സമര്‍പ്പിക്കുന്നതായും സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം കള്ളപ്രചരണങ്ങള്‍ തടയണമെന്നും ധന്യാരാമന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അനുകൂലിച്ച് ധന്യാരാമന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ആത്മീയതയുടെ പേരില്‍ വിശ്വാസ്യത മുതലെടുക്കാനാണ് സ്വാമി ശ്രമിച്ചെന്നായിരുന്നു ധന്യയുടെ പ്രതികരണം. തന്നെ പത്തു വര്‍ഷമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു പെണ്‍കുട്ടി ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ ജനനേന്ദ്രിയം ഛേദിച്ചത്. തുടര്‍ന്ന് ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തെങ്കിലും ശസ്ത്രകിയ പൂര്‍ണ്ണ തോതില്‍ വിജയം കാണാതെ പോവുകയായിരുന്നു.