യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച മേജർ ഗോഗോയിയ്ക്ക് അവാർഡ് നൽകുന്നത് കശ്മീരിലെ സ്ഥിതിഗതികൾ വഷളാക്കുമെന്ന് ശരദ് യാദവ്

single-img
23 May 2017

കശ്മീരിൽ കല്ലേറിനെ പ്രതിരോധിക്കാൻ സൈന്യത്തിന്റെ വാഹനത്തിനു മുന്നിൽ ഒരു സിവിലിയൻ യുവാവിനെ മനുഷ്യകവചമായി കെട്ടിവെച്ച മേജർ ഗോഗോയിയ്ക്ക് അവാർഡ് നൽകിയ കരസേനാ മേധാവിയുടെ നടപടി കശ്മീരിലെ സ്ഥിതിഗതികൾ രൂക്ഷമാക്കുമെന്ന് ജനതാദൾ (യു) നേതാവ് ശരദ് യാദവ്. കശ്മീരിലെ വിമതപ്രതിഷേധങ്ങളെ ഫലവത്തായി നേരിട്ടതിനു ആർമി ചീഫ് ബിപിൻ റാവത്ത്,  മേജർ നിതിൻ ഗോഗോയിയ്ക്കു പ്രശസ്തിപത്രം നൽകിയിരുന്നു.

ശ്രീനഗറിലെ ലോക്സഭാ ഉപതെരെഞ്ഞെടുപ്പിനിടെ ഈ കഴിഞ്ഞ ഏപ്രിൽ 9-നാണു നിതിൻ ലീതുൽ ഗോഗോയിയുടെ കമാൻഡിലുള്ള ആർമി ഉദ്യോഗസ്ഥർ ഫറൂക്ക് അഹ്മദ് ദർ എന്ന 26-കാരനായ കശ്മീരി യുവാവിനെ ആർമിയുടെ ജീപ്പിനുമുന്നിൽ മനുഷ്യകവചമായി കെട്ടിവെച്ച് നാലുമണിക്കൂറോളം റോന്തുചുറ്റിയത്. വ്യാപകമായ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയ ഈസംഭവത്തിന്റെ പേരിൽ ഗോഗോയി കോടതിനടപടികൾ നേരിട്ടുകൊണ്ടിരിക്കെയാണു കരസേനാമേധാവി ഇദ്ദേഹത്തെ പ്രശസ്തിപത്രം നൽകി ആദരിച്ചത്.

എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിനുമുന്നേ ഇത്തരം ഒരു നിലപാടെടുത്തത് ശരിയായില്ലെന്നും ഇതു കശ്മീരിലെ സ്ഥിതിഗതികൾ വഷളാക്കുമെന്നുമാണു ശരദ് യാദവ് അഭിപ്രായപ്പെട്ടത്.