തിരിച്ചടിച്ച് ഇന്ത്യ;അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർത്തു

single-img
23 May 2017

ജമ്മു കശ്മീര്‍: നൗഷേരയിലെ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇന്ത്യ. രജൗറി ജില്ലയിലെ നൗഷേര സെക്ടറിലെ പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്തു. പാക് പ്രകോപനത്തിനെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. കശ്മീരിലെ നൗഷേരയില്‍ പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. ഭീകരവിരുദ്ധ ഓപറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയാണിതെന്നാണ് സേനയുടെ വിശദീകരണം.


ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കുന്ന പാക്ക് പോസ്റ്റുകള്‍ക്കുനേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്നും ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചുവെന്ന് മേജര്‍ ജനറല്‍ അശോക് നെറൂല മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എപ്പോഴാണ് ആക്രമണം നടത്തിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇനി ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പാകിസ്താന്‍ നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നത് തുടരുകയാണെന്ന് അശോക് നെറൂല പറഞ്ഞു. ഇന്ത്യന്‍ അക്രമണത്തില്‍ എത്ര പാകിസ്താന്‍ പോസ്റ്റുകള്‍ തകര്‍ന്നെന്നോ എത്ര ആളപായമുണ്ടെന്നോ വ്യക്തമായിട്ടില്ലെങ്കിലും വലിയ തോതിലുള്ള നാശ നഷ്ടം പാകിസ്താന് ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.