കൊച്ചിയിലെ ഡേ കെയറില്‍ പിഞ്ചുകുട്ടിക്ക് ക്രൂരമര്‍ദനം; സ്ഥാപന ഉടമ അറസ്റ്റില്‍

single-img
23 May 2017

കൊച്ചി: കൊച്ചിയിലെ ഡേ കെയറില്‍ പിഞ്ചുകുട്ടിക്ക് ക്രൂരമര്‍ദനം. ഡേ കെയറില്‍ പിഞ്ചു കുഞ്ഞിനെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ മാതൃഭൂമി ചാനലാണ് പുറത്തുവിട്ടത്. പാലാരിവട്ടത്തെ കളിവീടെന്ന ഡേ കെയറിലാണ് പിഞ്ചുകുഞ്ഞിനെ ഡേകെയര്‍ ഉടമയായ സ്ത്രീ മര്‍ദിച്ചത്. സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമ മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ സ്ത്രീ കുട്ടികളെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരിയും വ്യക്തമാക്കി.
കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി സംശയമുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. കുട്ടികളുടെ ദേഹത്ത് അടികൊണ്ട രീതിയിലുളള പാടുകള്‍ മിക്ക ദിവസങ്ങളിലും കണ്ടിരുന്നതായി ഡേകെയറിലെ കുട്ടികളുടെ അമ്മമാര്‍ പറഞ്ഞു. ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ താഴെ മറിഞ്ഞുവീണതാണെന്ന മറുപടിയാണ് ഡേ കെയര്‍ ഉടമയില്‍ നിന്നും ലഭിച്ചിരുന്നതെന്നും അമ്മമാര്‍ വ്യക്തമാക്കി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡേ കെയറില്‍ പിഞ്ചുകുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെയും കുട്ടികളെ മര്‍ദിച്ചതിനെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് ഐജി പി വിജയന്‍ അറിയിച്ചു. ഇരുപതിലധികം കുട്ടികളാണ് ഇവിടെയുള്ളത്. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്.