നാടാകെ നായ്ക്കലിയാട്ടം;പേവിഷബാധയും പ്രതിരോധമാര്‍ഗ്ഗങ്ങളും;പേവിഷബാധയുളള നായ്ക്കളെ ഏങ്ങനെ തിരിച്ചറിയാം?

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സാ സഹായം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നല്ലതു തന്നെ. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള നായ്ക്കളെ എങ്ങനെ ഒഴിവാക്കുമെന്നതിനെക്കുറിച്ച് ഒരു കണ്ടെത്തലോ തീരുമാനങ്ങളോ സര്‍ക്കാര്‍ ഭാഗത്ത് നിന്ന്് ഉണ്ടായിട്ടില്ല. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്.

കേരളത്തില്‍ ഓരോ വര്‍ഷവും മൂന്നു ലക്ഷം പേര്‍ പട്ടി കടിയേറ്റ് ആശുപത്രിയില്‍ എത്തുന്നുവെന്നാണ് കണക്ക്. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരിലധികവും കുട്ടികളാണ്. ഇരുചക്രവാഹനക്കാരും പ്രഭാതനടത്തക്കാരും നായകളുടെ ഭീഷണി നിഴലിലാണ്. കോതമംഗലത്ത് വീടിന്റെ വരാന്തയില്‍ ഇരുന്നിരുന്ന മൂന്നു വയസ്സുകാരനെ അമ്മയുടെ മുന്നിലിട്ടാണ് തെരുവുനായ കടിച്ചുകീറിയത്. കുറുവിലങ്ങാട് വീട്ടുുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരനെ തെരുവുനായ കടിച്ചു തൂക്കിയെടുത്തു. ആലപ്പുഴയില്‍ അമ്മയോടൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരനെ നായ്ക്കള്‍ ആക്രമിച്ച് ചുണ്ടുകള്‍ കടിച്ചെടുത്തു. ഇടുക്കിയില്‍ നാലു ദിവസത്തിനുളളില്‍ ഇരുപതുപേര്‍ക്ക് പട്ടിയുടെ കടിയേറ്റു. വീടിനുളളില്‍ കടന്നുകയറിയ നായ്ക്കൂട്ടം കുട്ടികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനുളളില്‍ 45200 പേരാണു തെരുവുനായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത്. ഇതില്‍ 11,177 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. രണ്ടാമത് പാലക്കാട് ജില്ലയാണ്. ഇവിടെ 9533 പേര്‍ക്കു കടിയേറ്റു.

പേവിഷബാധയും പ്രതിരോധമാര്‍ഗ്ഗങ്ങളും

എല്ലാ വര്‍ഷത്തെയും പോലെ പേ വിഷബാധയ്ക്കെതിരെയുളള മരുന്നുകള്‍ ഈ വര്‍ഷവും സര്‍ക്കാര്‍ സംഭരിച്ചിരുന്നതാണ്. പക്ഷേ വര്‍ഷം പകുതി ആയപ്പോഴേക്കും മരുന്നുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ദൗര്‍ലഭ്യം നേരിട്ടു തുടങ്ങിയിരുന്നു. കാരണം കടിയേറ്റു ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് .

എന്താണ് പേവിഷബാധ?

പേവിഷബാധ വൈറസ് പരത്തുന്ന ഒരു മാരക രോഗമാണ് .സാധാരണയായി പട്ടി,പൂച്ച തുടങ്ങിയ ജീവികളാണ് ഇതു പരത്തുന്നത്. കൂടാതെ ആട്,പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും വന്യജീവികളും രോഗം പരത്താറുണ്ട്. രോഗബാധിതരായ ഇത്തരം ജീവികളുടെ ഉമിനീരിലാണ് പ്രധാനമായും രോഗാണുക്കള്‍ കണ്ടുവരുന്നത്. അതിനാല്‍ കടിയേല്‍ക്കുമ്പോള്‍ മുറിവില്‍ രോഗാണുക്കള്‍ പെരുകുകയും തുടര്‍ന്ന് നാഡീവ്യൂഹത്തിലൂടെ അവ തലച്ചോറിലെത്തുകയും ചെയ്യുമന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കുന്ന ഈ രോഗം രോഗിയെ മരണത്തിലേക്ക് നയിക്കുന്നു.

രോഗലക്ഷണങ്ങള്‍

1.പനി,തലവേദന,ശരീര വേദന എന്നിവ കൂടാതെ ,കടിയേറ്റ ഭാഗത്ത് വേദനയോ തരിപ്പോ അനുഭവപ്പെടുന്നതാണ് പ്രരംഭ ലക്ഷണങ്ങള്‍

2.പിന്നീട് നാഡീവ്യവസ്ഥയെ ബാധിക്കുമ്പേഴുള്ള പനി,വെളളം കാണുമ്പോഴുണ്ടാകുന്ന ഭീതി, ഫാനിന്റെ കാറ്റേല്‍ക്കുമ്പോള്‍ ഉളള ശ്വാസം മുട്ടല്‍ തുടങ്ങിയവയും രോഗിയില്‍ പ്രകടമാകുന്നു.

രോഗപ്രതിരോധം

രോഗം വന്നു കഴിഞ്ഞാല്‍ പേ വിഷബാധയ്ക്ക് ചികിത്സ ഇല്ല .അതിനാല്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളെയാണ് നമ്മള്‍ ആശ്രയിക്കേണ്ടത്.

1)പ്രഥമ ശുശ്രൂഷ:- കടിയേറ്റ ഭാഗം നന്നായി സോപ്പും വെളളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

മഞ്ഞള്‍,കാപ്പിപ്പൊടി,കാന്താരി മുളക് തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കുക.

2) വാക്സിനേഷന്‍ :- കടിയേറ്റാല്‍ തെലിപ്പുറത്ത് എടുക്കുന്ന വാക്സിനേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. വാക്സിനേഷന് നാല് ഡോസാണുളളത് 0,3,7,28 ദിവസങ്ങള്‍ക്കുളളിലാണ് ഇത് എടുക്കേണ്ടത്.

3.ചുരുക്കം ചിലരില്‍ ഉണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ മറ്റ് പാര്‍ശ്വ ഫലങ്ങല്‍ തീരെ ഇല്ലാത്ത ഒരു വാക്സിന്‍ ആണിത്.

4.എല്ലാ ഗവമെന്റ് ആശുപത്രികളിലും ഈ വാക്സിന്‍ ലഭ്യമാണ്. മറ്റ് ഭക്ഷണ പഥ്യങ്ങള്‍ ഈ വാക്സിന് നിര്‍ബന്ധമില്ല.

3) ആന്റിറാബിസ് സിറം :- കടിയേറ്റുണ്ടാകുന്ന വലിയ മുറിവുകള്‍ക്ക് വാക്സിനോടൊപ്പം തന്നെ നല്‍കി വരുന്ന ഒരു മരുന്നാണിത്. ഇത് പേവിഷബാധയ്ക്കെതിരെയുളള പ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

4) കടിയേറ്റിട്ടും വാക്സിനേഷന്‍ എടുത്തില്ലങ്കില്‍ 30 മുതല്‍ 60 ദിവസത്തിനുളളില്‍ രോഗി രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. 10 ദിവസത്തിനുളളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

5) എല്ലാ ഗവണ്‍മെന്റ് ആശുപത്രികളിലും വാക്സിന്‍ സൗജന്യമാണ്. പുറത്ത് നിന്ന് വാങ്ങിയാല്‍ ഒരു ഡോസിന് 400 മുതല്‍ 500 രൂപ വരെ വിലവരുന്ന മരുന്നാണിത്.

രോഗം പരത്തുന്ന ജീവികള്‍

എലി,അണ്ണാന്‍,മുയല്‍,വവ്വാല്‍ ഇന്ത്യയിലെ വവ്വാലുകള്‍ റാബീസ് പരത്തുന്നവയല്ലെന്ന് പഠനങ്ങള്‍ പറയുന്നു.

നായ്ക്കള്‍ക്കുളള പ്രതിരോധ കുത്തിവയ്പ്പകള്‍

നായ്ക്കുട്ടിക്ക് രണ്ടര മാസം പ്രായമാകുമ്പോള്‍ ആദ്യ പ്രതിരോധ കുത്തിവപ്പ് നല്‍കണം. പിന്നീട് ഒരു മാസത്തിന് ശേഷം ഒരു ബുസ്റ്റര്‍ ഡോസ് കൂടി നല്‍കണം. എല്ലാ വര്‍ഷവും ഈ കുത്തിവയ്പ്പ് ആവര്‍ത്തിക്കേണ്ടതാണ്.

പേവിഷബാധയുളള നായ്ക്കളെ ഏങ്ങനെ തിരിച്ചറിയാം?

പേവിഷബാധയുളള നായ്ക്കള്‍ സാധാരണ അപകടകാരികളാണ്. എന്തിനെയും കടിക്കാനുളള പ്രവണത (ജീവനില്ലാത്ത തടിക്കഷ്ണം പോലെയുളളവ) ഇവയില്‍ വളരെ കൂടുതലാണ്. പേ വിഷബാധയുളള നായ്ക്കളില്‍ നുരയും പതയും കൂടുതലായി കാണുന്നു. ചിലവ ഭക്ഷണത്തോട് അമിതമായി ആര്‍ത്തി കാണിക്കാറുണ്ട്. ചിലവ തീറ്റയെടുക്കാറില്ല. കീഴ്ത്താടി തളര്‍ന്ന് തൂങ്ങി കിടക്കുന്നത് ഒരു പ്രധാന ലക്ഷണമാണ്. രോഗം മൂര്‍ച്ചിക്കുമ്പോള്‍ പിന്‍ കാലുകള്‍ തളര്‍ന്ന് നായ നിലത്ത് വീഴുന്നു. മനുഷ്യര്‍ക്ക് സംഭവിക്കുന്നതുപോലെ വെളളം കാണുമ്പോള്‍ ഉളള ഭീതി സാധാരണ മൃഗങ്ങള്‍ കാണിക്കാറില്ല.

ലേഖകൻ:റവ:ഫാ:യബ്ബേസ് പീറ്റര്‍