പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

single-img
22 May 2017

 


കണ്ണൂര്‍ : കൊട്ടിയൂരില്‍ കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ജാമ്യം ആവശ്യപ്പെട്ട് മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച അപേക്ഷ തലശ്ശേരി ജില്ലാ സെക്ഷന്‍സ് കോടതി നിരസിച്ചു.

ഇത് രണ്ടാം തവണയാണ് ബന്ധപ്പെട്ട കേസില്‍ കോടതി ജാമ്യാപേക്ഷ തള്ളുന്നത്. കേസിന്റെ വിചാരണ തീരുന്നത് വരെ പ്രതിക്ക് ജാമ്യം നിഷേധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെച്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജഡ്ജി ശ്രീകല സുരേഷ് ഫാദര്‍ റോബിന് ജാമ്യം നിഷേധിച്ചത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മേലായിരുന്നു പോലീസ് ഫാദര്‍ റോബിന്‍ വടക്കും ചേരിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട്‌ നടത്തിയ ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ.റോബിന്‍ വടക്കും ചേരി തന്നെയെന്ന് സ്ഥിരീകരിക്കുകയും റോബിനെ വികാരി സ്ഥാനത്ത് നിന്ന് നീക്കുകയുമായിരുന്നു.