ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി; കെ.സി.ജോസഫ് എംഎഎല്‍എ കത്തുനല്‍കിയതിനെ തുടര്‍ന്നാണു തീരുമാനം

single-img
22 May 2017

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി. പുസ്തക പ്രകാശനം നിര്‍വഹിക്കാനിരിക്കെ അവസാന നിമിഷമാണ് മുഖ്യമന്ത്രി വരില്ലെന്ന് അറിയിച്ചത്. പുസ്തകത്തിനെതിരെ കെ.സി.ജോസഫ് എംഎഎല്‍എ കത്തുനല്‍കിയതിനെ തുടര്‍ന്നാണു തീരുമാനം. സര്‍വീസിലിരിക്കെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്ന് കെ.സി.ജോസഫ് കത്തില്‍ പറയുന്നു. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം മാറ്റിയത്.

അതേസമയം കോണ്‍ഗ്രസുകാര്‍ ചടങ്ങ് അലങ്കോലമാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും അതുകൂടി കണക്കിലെടുത്താണ് പ്രകാശനം മാറ്റിവെച്ചതെന്നും ജേക്കബ് തോമസ് അറിയിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിക്കാണാന്‍ താന്‍ നേരത്തെ ആഗ്രഹിച്ചിരുന്നെന്നും ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നു. പുസ്തകത്തില്‍ പല നിര്‍ണായക വെളിപ്പെടുത്തലുകളും ഉണ്ടെന്നാണു സൂചന. ബാര്‍ കോഴക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷ വിമര്‍ശനമുള്ളതു വാര്‍ത്തയായിരുന്നു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി കെ.ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്നാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടിരുന്നില്ലെന്നും ആത്മകഥയിലുണ്ട്.