ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഗംഗേശാനന്ദ തീര്‍ഥപാദക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി; മകനെ കുടുക്കിയതാണെന്ന് സ്വാമിയുടെ അമ്മ

single-img
22 May 2017


തിരുവനന്തപുരം: പേട്ടയില്‍ കഴിഞ്ഞ ദിവസം പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഗംഗേശാനന്ദ തീര്‍ഥപാദക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി. വീട്ടിലെ നിത്യ സന്ദര്‍ശകനായ സ്വാമിയും യുവതിയുടെ കുടുംബവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും തങ്ങളുടെ 40 ലക്ഷം രൂപ ഗംഗേശാനന്ദ തട്ടിയെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. ആദ്യം 30 ലക്ഷം രൂപയും പിന്നീട് സഹകരണ സംഘത്തില്‍ നിന്ന് വാങ്ങിയ 10 ലക്ഷം രൂപയും ഹരി സ്വാമി വാങ്ങി. ഇതിനൊപ്പമായിരുന്നു പീഡനം. നിരന്തരമായ പീഡനം സഹിക്കാനാവാതെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ രോഗബാധിതനായ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയതായി പെണ്‍കുട്ടി മൊഴി നല്‍കി. വയനാട്ടിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. അതേസമയം അച്ഛന്റെ ചികിത്സക്കായി എപ്പോള്‍ പണം ആവശ്യപ്പെട്ടാലും സ്വാമി എത്തിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും പേട്ട സിഐ സുരേഷ്‌കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ തന്റെ മകനെ കുടുക്കിയതാണെന്ന് സ്വാമിയുടെ അമ്മ കമലമ്മ. ആരെയും ചതിക്കുന്നവനല്ല തന്റെ മകനെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികിത്സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒന്നിച്ച് പോകാറുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും വ്യക്തി വൈരാഗ്യമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുമുണ്ടെന്നും അമ്മ ആരോപിക്കുന്നു. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ മരിച്ചത് ആറു മാസം മുമ്പാണ്. അതിനു ശേഷം പലവട്ടം തന്നെ കാണാന്‍ മകന്‍ വന്നു. സംഭവത്തിന് നാലു ദിവസം മുമ്പും എത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന തങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു. ഹോട്ടലുകള്‍ ഹരി ഏറ്റെടുത്തത് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാണ്. കടക്കെണിയില്‍ നിന്ന് കയറാന്‍ കുടുംബ സ്വത്ത് മിക്കവാറും വിറ്റു കഴിഞ്ഞെന്നും കമലമ്മ കൂട്ടിച്ചേര്‍ത്തു. ആറ് മക്കളില്‍ രണ്ടാമനാണ് സ്വാമി. മൂത്തയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. മൂന്നാമത്തെയാളാണ് ഹോട്ടലുകള്‍ നടത്തുന്നത്. തൊട്ട് താഴെയുള്ളയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പിന്നെ, രണ്ട് പെണ്‍മക്കളും.
അതേസമയം ഗംഗേശാനന്ദ തീര്‍ഥപാദയെ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സ്ഥിതി മെച്ചപ്പെടുമ്പോള്‍ ജയിലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അടുത്തമാസം മൂന്നുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി. മെഡിക്കല്‍ കോളജ് ആശുപത്രി അഞ്ചാം വാര്‍ഡില്‍ ചികില്‍സയിലുള്ള ഇയാളെ അവിടെ എത്തിയാണ് മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് മജിസ്ട്രേട്ട് ചോദിച്ചെങ്കിലും സ്വാമി പ്രതികരിച്ചില്ല. ലൈംഗിക പീഡനം, പോക്‌സോ നിയമം എന്നീ വകുപ്പുകള്‍ ചമുത്തിയാണ് കേസെടുത്തിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സ്വാമിയുടെ മുറിവ് ഉണങ്ങിയ ശേഷം മാത്രമേ ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റാന്‍ സാധിക്കൂ. സ്ഥിതി മെച്ചപ്പെടുമ്പോള്‍ ജയിലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും അതേസമയം ജനനേന്ദ്രിയം മുറിക്കുന്നതിനിടയാക്കിയ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മറ്റു പലരും സമാന പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.