പുല്ലുവിളയിൽ തെരുവ് നായ ആക്രമണത്തില്‍ ഒരു ജീവൻ കൂടി പൊലിഞ്ഞു;മരണമടഞ്ഞ മത്സ്യത്തൊഴിലാളിയുടെ ദേഹമാസകലം മുറിവുകൾ

single-img
22 May 2017

തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് വീണ്ടും മരണം. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിനാണ് മരണമടഞ്ഞത്. ജോസ്‌ക്ലിന്‍ ജോലിക്കുശേഷം വീട്ടിലെത്തിയിരുന്നു. ഭക്ഷണം കഴിച്ചശേഷം രാത്രി പുറത്തിറങ്ങിയപ്പോളായിരുന്നു കടല്‍ത്തീരത്ത് വെച്ച് നായയുടെ കടിയേല്‍ക്കുന്നത്. നായകള്‍ കൂട്ടത്തോടെ ആക്രമിച്ചപ്പോള്‍ കടലില്‍ ചാടി രക്ഷപ്പെടാന്‍ ജോസ്‌ക്ലിന്‍ ശ്രമിച്ചിരുന്നു. മുഖത്തും കൈകളിലുമെല്ലാം കടിയേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് പുല്ലുവിളയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. സർക്കാരിന്റെ അനാസ്ഥയാണ് ജോസ്ക്ലിന്റെ മരണത്തിനു കാരണമെന്ന് ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരും ജോസ്ക്ലിന്റെ ബന്ധുക്കളും റോഡ് ഉപരോധിക്കുകയാണ്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ടാണ് സമരം.

കഴിഞ്ഞ ഓഗസ്റ്റിലും പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരു വൃദ്ധ മരിച്ചിരുന്നു. തുടര്‍ന്ന് തെരുവുനായകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.