കല്‍ക്കരിപ്പാടം അഴിമതി:മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്തയടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് രണ്ടു വര്‍ഷം തടവ്

single-img
22 May 2017

 


ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി വിധിച്ച കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്.സി. ഗുപ്ത അടക്കം മൂന്ന് പ്രതികള്‍ക്ക് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കല്‍ക്കരി വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ്. ക്രോഫ, കല്‍ക്കരിപ്പാടം വിതരണത്തിന്റെ ഡയറക്ടറായ കെ.സി സമറിയ എന്നിവരാണ് മറ്റു രണ്ടുപേര്‍.

ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) വകുപ്പ് പ്രകാരമുള്ള കുറ്റവും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. അതേസമയം പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.

മദ്ധ്യപ്രദേശിലെ രുദ്രപുരയിലെ കല്‍ക്കരിപ്പാടം, കമല്‍ സ്പോഞ്ച് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് (കെ.എസ്.എസ്.പി.എല്‍) അനധികൃതമായി നല്‍കിയ കേസിലാണ് ഇവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിലും ലേലം നടത്തുന്ന സമയത്തും സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗുപ്ത പെരുമാറിയത് സുതാര്യമായല്ല എന്നാണ് പ്രധാന ആരോപണം. ഇത് സംസ്ഥാന സര്‍ക്കാരിന് വമ്പിച്ച നഷ്ടം വരുത്തിവെച്ചുവെന്നും കോടതി കണ്ടെത്തി.

2012ലാണ് സംഭവത്തില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 2014ല്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പ്രത്യേക കോടതി തള്ളി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കുറ്റം ചുമത്തി വിചാരണ നടപടികള്‍ ആരംഭിച്ചു. കല്‍ക്കരിപ്പാടത്തിനായി കമ്പനി നല്‍കിയ അപേക്ഷ പോലും അപൂര്‍ണമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതിന് പുറമേ എട്ട് കേസുകളില്‍ എച്ച്.സി. ഗുപ്ത പ്രതിയാണ്. എല്ലാ കേസുകളുടെയും വിചാരണ ഒന്നിച്ച് നടത്തണമെന്നുള്ള ഗുപ്തയുടെ അപേക്ഷ സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.