ദളിത് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതായുള്ള യെഡ്യൂരപ്പയുടേയും ബിജെപിയുടേയും പ്രചരണം തട്ടിപ്പ്;തങ്ങളുടെ വീട്ടിലെത്തിയ ബിജെപി നേതാവ് ഹോട്ടലില്‍ നിന്ന് വരുത്തിയ ഭക്ഷണം കഴിച്ച് അപമാനിച്ചെന്ന പരാതിയുമായി ദളിത് യുവാവ്

single-img
22 May 2017

 


ബംഗലൂരൂ: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെഡ്യൂരപ്പ ദളിത് കുടുംബത്തെ അധിക്ഷേപിച്ചതായി പരാതി.. കര്‍ണാടകയിലെ കേലകൊട്ട പ്രവിശ്യയില്‍ നടത്തിയ സന്ദര്‍ശനത്തിടെ ദളിതരെ അപമാനിച്ചെന്ന് കാണിച്ചാണ് യുവാവ് മാന്‍ഡ്യാ ജില്ല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായി ദളിത് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതായുള്ള യെഡ്യൂരപ്പയുടേയും ബിജെപിയുടേയും പ്രചരണത്തിലെ തട്ടിപ്പാണു ഇതോടെ പുറത്ത് വരുന്നത്.വെള്ളിയാഴ്ച നടത്തിയ സന്ദര്‍ശനത്തിനിടെ യെദിയൂരപ്പ ഒരു ദളിത് കുടുംബത്തെ സന്ദര്‍ശിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.യെദിയൂരപ്പയുടെ ദളിത് കുടുംബ സന്ദർശനം സാമൂഹ്യമാധ്യമങ്ങളിലൂടെ ബിജെപി അനുകൂലികളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

യഥാർഥത്തിൽ യെദിയൂരപ്പ യഥാര്‍ത്ഥത്തില്‍ കഴിച്ച ഭക്ഷണം ഹോട്ടലില്‍ നിന്ന് വരുത്തിയതായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. യെദിയൂരപ്പയ്ക്ക് വേണ്ടി കുടുംബാംഗങ്ങള്‍ ഭക്ഷണം തയ്യാറാക്കിയിരുന്നെങ്കിലും അദ്ദേഹം ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഭക്ഷണം കഴിക്കുകയായിരുന്നു.

ബിജെപി നേതാക്കളുടെ മനസിലെ ‘തൊട്ടുകൂടായ്മ’യും ജാതി സ്പിരിറ്റും ഇനിയും മാറിയിട്ടില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ദളിതരെ അപമാനിക്കുന്നതിന്റെ തെളിവാണിതെന്നും കാട്ടി രാഷ്ട്രീയ പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു. ജനതാദള്‍ സംസ്ഥാന പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായിരുന്ന എച്.ഡി കുമാരസ്വാമി, സംസ്ഥാന കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജി. പരമേശ്വര, കോണ്‍ഗ്രസ്സ് ലോകസഭാംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗേ എന്നിവര്‍ യെദിയൂരപ്പയെ നിശിതമായി വിമര്‍ശിച്ചു. ഒരു രാഷ്ട്രീയക്കാരനും ഇത്തരത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്കുകള്‍ കാണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു.

ബിജെപിയുടെ കര്‍ണാടക മീഡിയ ഇന്‍ ചാര്‍ജായ ശിവപ്രകാശ് ഹോട്ടല്‍ ഭക്ഷണമാണ് യെഡ്യൂരപ്പ കഴിച്ചതെന്ന് വിവാദത്തിനൊടുവില്‍ സമ്മതിച്ചെങ്കിലും ദളിത് വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്നാണ് വാദിക്കുന്നത്.