ജേക്കബ് തോമസിന്റെ ‘ആത്മകഥ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ഇന്ന് പ്രകാശനം ചെയ്യും;ആരാണ് അദ്ദേഹത്തെ കയറൂരി വിട്ടിരിക്കുന്നതെന്ന് സി. ദിവാകരന്‍

single-img
22 May 2017


തിരുവനന്തപുരം: ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പ്രകാശനം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമര്‍ശങ്ങളും പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദമായിരുന്നു. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. തൃശൂര്‍ കറന്റ് ബുക്‌സ് ആണ് ജേക്കബ് തോമസിന്റെ ആത്മകഥ പുറത്തിറക്കുന്നത്.

ഇടത് ഭരണകാലത്ത് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന സി. ദിവാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തില്‍ ജേക്കബ് തോമസ് ഉന്നയിച്ചിട്ടുളളത്. ആ കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന താന്‍ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം മന്ത്രി ദിവാകരന്‍ തളളിക്കളഞ്ഞെന്നും സ്ഥാനത്ത് നിന്ന് മാറ്റിയെന്നുമാണ് ജേക്കബ് തോമസ് ആരോപിക്കുന്നത്. അഴിമതിക്കാരനായ കരാറുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സി. ദിവാകരന്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുപോലും എഴുതാന്‍ വിമുഖത കാണിച്ചു. മന്ത്രിസഭയിലെ ഒരു ഉന്നതന്റെ ആവശ്യപ്രകാരം തന്നെ സപ്ലൈകോയില്‍ നിന്നും മാറ്റുന്നതായി മന്ത്രി ദിവാകരന്‍ ഫോണില്‍ വിളിച്ചുപറഞ്ഞു. തന്നെ പുറത്തിറക്കിയശേഷം തന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വഞ്ചകനാണ് ദിവാകരനെന്നും ജേക്കബ് തോമസ് തന്റെ പുസ്തകത്തില്‍ പറയുന്നു.

അതേസമയം വിവാദമായ പുസ്തകത്തിലെ ആരോപണങ്ങള്‍ നിഷേധിച്ചും ജേക്കബ് തോമസിനെതിരെയും കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പുസ്തകത്തിലൂടെ എഴുതിയിരിക്കുന്നത് എന്തോ വ്യക്തി താത്പര്യത്തിന്റെ പേരിലാണെന്നും അദ്ദേഹത്തെ ആരാണ് കയറൂരി വിട്ടിരിക്കുന്നതെന്നും സി.ദിവാകരന്‍ ചോദിച്ചു. ഒരു ഉദ്യോഗസ്ഥന് തന്നിഷ്ടം പോലെ എഴുതാം, നേതാക്കന്‍മാരുടെ അനാവശ്യങ്ങള്‍ എല്ലാം എഴുതി പിടിപ്പിക്കാം, അത് പ്രസിദ്ധീകരിക്കാം. അതിന് ഔദ്യോഗികമായ ഒരുചൊവ കിട്ടാന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് പറയാം. അപ്പോള്‍ പിന്നെ എല്ലാ കേസും പോകുമല്ലോ, അതൊക്കെ ചെപ്പടി വിദ്യകളാണ്. വലിയ അഴിമതി വിരുദ്ധനെന്ന് പറയുന്ന അദ്ദേഹം ഇന്ന് ഈ പുസ്തകത്തിലൂടെ എടുത്തിരിക്കുന്ന നടപടിക്രമങ്ങള്‍ തന്നെ എന്തോ താത്പര്യത്തിന്റെ പേരിലാണെന്നും സി. ദിവാകരന്‍ പറഞ്ഞു.