പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയെ കേസിൽ കുടുക്കാൻ ശ്രമം; സംഭവത്തിലെ ‘യഥാര്‍ത്ഥ ഇര’യായ സ്വാമിക്ക് നീതി ലഭ്യമാക്കണമെന്നും ഡിജിപിക്ക് പരാതി

single-img
22 May 2017

തിരുവനന്തപുരം: പേട്ടയില്‍ പീഡനത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഇല്ലാതാക്കി സംഭവത്തിലെ ദുരൂഹതകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇതിനായി പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി നിയമവും നീതിയും കൃത്യമായി നടപ്പിലാക്കണമെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചുവരുന്ന സ്വാമി ‘കഴിഞ്ഞ 10 വര്‍ഷമായി തന്നെ പീഡിപ്പിച്ചുവരികയാണെന്ന്’ പെണ്‍കുട്ടി തന്നെയാണിപ്പോള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പക്ഷേ നാളിതുവരെ പെണ്‍കുട്ടി ഇതിനെക്കുറിച്ച് പോലീസിലോ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയാത്തത് ദുരൂഹമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. അങ്ങനെയൊരു സമീപനം ഉണ്ടായിരുന്നുവെങ്കില്‍തന്നെ ഇത്രയും വിദ്യാഭ്യാസമുള്ള ഈ പെണ്‍കുട്ടിക്ക് ഏതെല്ലാം മാര്‍ഗ്ഗത്തിലുടെ ഇതിനെ പിന്തിരിപ്പിക്കാമായിരുന്നു?. എന്തുകൊണ്ട് 10 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും പെണ്‍കുട്ടി ഇതിന് തയ്യാറായില്ല എന്നും പരാതിക്കാരന്‍ ചോദിക്കുന്നു!

മാത്രമല്ല, ഒരു നിയമവിദ്യാര്‍ത്ഥി കൂടിയായ ഈ പെണ്‍കുട്ടിക്ക് ഒരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നിരിക്കേ,സംഭവ ദിവസം രാത്രി മറ്റൊരു തരത്തിലും പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ മത തീവ്രവാദികള്‍ പോലും നാളിതുവരെ കേരളത്തില്‍ ചെയ്യാത്ത തരത്തിലുള്ള ‘ലിംഗം മുറിച്ചെടുക്കല്‍’ നടത്തിയത് ശാസ്ത്രീയമായപരമായും നിയമപരമായും ചോദ്യം ചെയ്യപ്പെടേണ്ടതും അന്വേഷിക്കേണ്ടതുമാണെന്നും നവാസ് ചായിച്ചിറ ഊന്നിപ്പറയുന്നു. കാരണം പീഡിപ്പിച്ചയാളിന്റെ പൊട്ടന്‍സീവ് ടെസ്റ്റ് നടത്താന്‍ ലിംഗം ആവശ്യമാണ്. മെഡിക്കല്‍ നിയമത്തിലും കോടതി നിയമത്തിലും പ്രതി കുററം ചെയ്തിട്ടുണ്ടോയെന്ന് ബോധ്യമാവുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത് അറിയാവുന്ന നിയമ വിദ്യാര്‍ത്ഥിനി ലിംഗം ഛേദിച്ചത് എന്തിനാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കൂടാതെ ഈ സംഭവത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനകള്‍ ഉണ്ടെന്നും നവാസ് ആരോപിക്കുന്നു. സംഭവം പുറത്തറിഞ്ഞപ്പേള്‍ തന്നെ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ എല്ലാ പാര്‍ട്ടികളും ശ്രമിക്കുകയുണ്ടായി. നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പരസ്പരം ഏറ്റിമുട്ടുകയും , വിവാദങ്ങള്‍ക്ക് നടുവില്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുന്ന സമയത്താണ് ഈ സംഭവം അരങ്ങേറുന്നത്. ലിംഗഛേദം സംബന്ധിച്ച വാര്‍ത്ത വന്നതോടെ രാഷ്ട്രീയകേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും അതിലേക്ക് തിരിഞ്ഞെന്നും ഇരു പക്ഷങ്ങളും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കപ്പെടാന്‍ മുതിരുന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കണെമെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

മറ്റാരു വിചിത്രവാദവും ഇദ്ദേഹം പരാതിയില്‍ ഉന്നയിക്കുന്നു. ഈ സംഭവത്തിലെ ‘യഥാര്‍ത്ഥ ഇര സ്വാമി’യാണെന്നും നിയമവും നീതിയും നടപ്പിലാക്കേണ്ടത് കോടതികളിലാണെന്നും നാളെ ലിംഗം നഷ്ടപ്പെട്ടയാള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ഉണ്ടായ മാനഹാനിയും നഷ്ടപ്പെട്ട ലിംവും തിരികെ നല്‍കാനാകുമോയെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. മാത്രമല്ല നാളെ തന്റെ സഹോദരന് ‘ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എന്തായിരിക്കുമെന്നെങ്കിലും പെണ്‍കുട്ടി ചിന്തിക്കേണ്ടിയിരുന്നെന്നും നവാസ് പറയുന്നു.

ഒരാളിനെ പീഡനക്കേസില്‍ പെടുത്താനും നാറ്റിക്കാനും ആത്മഹത്യ ചെയ്യിക്കാനും ഒരു സ്ത്രീ അല്ലെങ്കില്‍ പെണ്‍കുട്ടി ‘മനസ്സുവെച്ചാല്‍’ മതിയെന്നും അതുകൊണ്ട് മേല്‍ പറഞ്ഞ വിഷയങ്ങളിലെല്ലാം വ്യക്തമായ മറുപടികള്‍ ലഭ്യമാക്കി സത്യാവസ്ഥപുറത്തുകൊണ്ടുവരാനും പരാതിക്കാരന്‍ അപേക്ഷിക്കുന്നുണ്ട്.