സബര്‍മതി ട്രെയിന്‍ സ്‌ഫോടനക്കേസ്; 16 വര്‍ഷം വിചാരണ കൂടാതെ ജയിലില്‍ കഴിഞ്ഞ ഗുല്‍സാര്‍ അഹമ്മദ് വാനിയെ കുറ്റമുക്തനാക്കി

single-img
21 May 2017

ദില്ലി: സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടിരുന്ന കാശ്മീര്‍ സ്വദേശിയെ 16 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തനാക്കി. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിലെ റിസര്‍ച്ച് സ്‌കോളറായിരുന്ന ഗുല്‍സാര്‍ അഹമ്മദ് വാണിയെയാണ് ഉത്തര്‍ പ്രദേശിലെ ബാരാബങ്കി കോടതി കുറ്റവിമുക്തനാക്കിയത്. വാനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.

2001 ലാണ് ഗുല്‍സാര്‍ വാനിയെ ഡല്‍ഹി പൊലീസ് പിടികൂടിയത്. സ്‌ഫോടകവസ്തുക്കളുമായാണ് വാനിയെ പിടികൂടിയതെന്നായിരുന്നു പൊലീസ് ഭാഷ്യം. 2000 ല്‍ ആഗസ്റ്റ് 14 ന് മുസാഫര്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയാണ് വാനിയെ അറസ്റ്റ് ചെയ്തത്. തെളിവുകളുടെ അഭാവത്തില്‍ വാനിയെയും കൂട്ടുപ്രതിയെന്ന് ആരോപിക്കപ്പെട്ടിരുന്ന അബ്ദുല്‍ മുബീനെയും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എംഎ ഖാനാണ് വെറുതെവിട്ടത്. 2008 മുതല്‍ മുബീന്‍ ജാമ്യത്തിലായിരുന്നു. ഇരുവര്‍ക്കുമെതിരെ മതിയായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് ജഡ്ജി എംഎ ഖാന്‍ വ്യക്തമാക്കി. സിമി പ്രവര്‍ത്തരെന്ന് ചിത്രീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇരുവരെയും പൊലീസ് സബര്‍മതി സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അലിഗഡ് സര്‍വകലാശാലയില്‍ അറബിക് വിഭാഗത്തില്‍ ഗവേഷണം നടത്തുകയായിരുന്ന വാനിയെ 2001 ജൂലൈ 31 നാണ് ന്യൂഡല്‍ഹിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് 28 വയസായിരുന്നു വാനിയുടെ പ്രായം. അതിനു ശേഷം ഇന്ന് വരെ പുറംലോകം കാണാന്‍ വാനിക്ക് കഴിഞ്ഞിട്ടില്ല. 16 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ അത്രയും വര്‍ഷത്തെ തന്നെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് വാനി സ്വതന്ത്രനാകുന്നത്.

സബര്‍മതി സ്‌ഫോടനത്തിന് പിന്നാലെ ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലായി പത്തോളം സ്‌ഫോടനക്കേസുകളിലും ഗൂഡാലോചനക്കേസുകളിലും വാനിക്കെതിരെ 14 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ മുഴുവന്‍ കേസുകളില്‍ നിന്നുമാണ് വാനിയെ കുറ്റമുക്തനാക്കിയിരിക്കുന്നത്. കുറ്റാരോപിതന്‍ മാത്രമായ ഒരാളെ 16 വര്‍ഷത്തോളം ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിച്ച പൊലീസിനെ നിശിതഭാഷയില്‍ അടുത്തിടെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. പൊലീസിന്റെ നടപടി ലജ്ജാകരമാണെന്നായിരുന്നു സുപ്രിംകോടതി പരാമര്‍ശം.