എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമെന്ന് രമേശ് ചെന്നിത്തല; എടുത്തുപറയാനുള്ള ഒരു നേട്ടവും സര്‍ക്കാരിനുണ്ടാക്കാനായിട്ടില്ല

single-img
21 May 2017

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടുത്തുപറയാനുള്ള ഒരു നേട്ടവും സര്‍ക്കാരിനുണ്ടാക്കാനായില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങളാണ് സ്വന്തം നേട്ടങ്ങളായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന അസാധാരണമായ സാഹചര്യമാണുള്ളത്. അധികാരപ്രമത്തതയും അഹങ്കാരവുമൊക്കെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയാന്‍ പോലും ജനങ്ങള്‍ക്ക് നിര്‍വ്വാഹമില്ല. മുന്നണിക്കകത്തെ വിവാദങ്ങളും അസ്വാരസ്യങ്ങളും അവസാനിപ്പിക്കാന്‍ ഒരു ശ്രമവുമുണ്ടായില്ലെന്നും ചെന്നിത്തല ആരോപിച്ചു. എടുത്തുപറയാനുള്ള ഒരു നേട്ടവുമുണ്ടാക്കാന്‍ അധികാരമേറ്റെടുത്ത് ഒരുവര്‍ഷമായിട്ടും സര്‍ക്കാരിന് സാധിച്ചില്ല. പിണറായി സര്‍ക്കാരിന്റെ നേട്ടമായി എടുത്തുപറയുന്ന കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നീ മൂന്നു പദ്ധതികളും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതാണ്. അടിസ്ഥാനവികസനത്തിന് വഴിതെളിക്കുന്ന ഒരു കര്‍മപദ്ധതിയും പുതിയതായി ആരംഭിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.

ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന പത്രസമ്മേളനം, ബജറ്റ് പ്രസംഗം നടത്തുന്നപോലെയാണ് തോന്നിയത്. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ചോര്‍ന്നതുകൊണ്ട്, അതു പൊടിതട്ടിയെടുത്ത് അദ്ദേഹം അവതരിപ്പിക്കുകയായിരുന്നുവെന്നു വേണം കരുതാനെന്നു ചെന്നിത്തല പരിഹസിച്ചു. അഴിമതിയും അനാശാസ്യ പ്രവണതകളും ഇല്ലാതാക്കി ആരോഗ്യകരമായ രാഷ്ട്രീയ രംഗം സൃഷ്ടിച്ചു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. അങ്ങനെയെങ്കില്‍, അധികാരമേറ്റതിന്റെ 144ാമത്തെ ദിവസം മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന്‍ രാജിവച്ചത് എന്തു രാഷ്ട്രീയ സദാചാരത്തിന്റെ പേരിലാണെന്ന് ചെന്നിത്തല ചോദിച്ചു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമായി നിയമനങ്ങള്‍ നടത്തിയത് കയ്യോടെ പിടിച്ചപ്പോഴാണ് ജയരാജന്‍ പുറത്തുപോയത്. അന്നു നടത്തിയ മറ്റു നിയമനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല. ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കളെല്ലാം ഇപ്പോഴും അതാതു സ്ഥാനങ്ങളില്‍ തുടരുകയാണ്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ആരോഗ്യകരമായ അന്തരീക്ഷം

സിപിഎമ്മും വി.എസ്. അച്യുതാനന്ദനും ഇരുപതു വര്‍ഷക്കാലം കേസു നടത്തി ജയിലിലടച്ച ആളാണ് കെ. ബാലകൃഷ്ണപിള്ള. ആ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയപ്പോള്‍ നിശിതമായി വിമര്‍ശിച്ചവര്‍ അതേ വ്യക്തിക്ക് കാബിനറ്റ് റാങ്കോടെ അതേ സ്ഥാനം നല്‍കി. ചുരുക്കത്തില്‍ വാദിക്കും പ്രതിക്കും കാബിനറ്റ് റാങ്ക് നല്‍കി പുത്തന്‍ അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

സര്‍ക്കാരിന്റ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ബജറ്റ് പ്രസംഗം പോലയായിരുന്നു. നടന്ന ഒരു പദ്ധതിയെപ്പറ്റിയും പറഞ്ഞില്ല. നടക്കാന്‍ പോകുന്ന പദ്ധതികളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മാത്രമായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. പുതിയ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. അഴിമതി നടത്തിയതിനാണ് ഇപി ജയരാജന് രാജിവയ്ക്കേണ്ടിവന്നത്. കശുവണ്ടി ഇറക്കുമതി കേസില്‍ മന്ത്രിയെ വെള്ളപൂശാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ബാലകൃഷ്ണപിള്ളയ്ക്ക് അധികാരം നല്‍കിയതുവഴി അഴിമതിക്കാര്‍ക്ക് അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ മന്ത്രിസഭയില്‍ കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതിരുന്നവരാണ് ഇടതുമുന്നണിയിലുള്ളവര്‍. എന്തെല്ലാം ആരോപണങ്ങളാണ് അവര്‍ അന്നുയര്‍ത്തിയത്. മാണി ബജറ്റ് വിറ്റു, അദ്ദേഹത്തിന്റെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ട് തുടങ്ങി എത്രയെത്ര ആരോപണങ്ങള്‍. എന്നിട്ടും അതേ മാണിയുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായും കൂട്ടുചേരാന്‍ ഇതേ ആള്‍ക്കാര്‍ക്ക് ഒരു മിനിറ്റു പോലും വേണ്ടി വന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അനാശാസ്യത്തിന്റെ കാര്യമാണ് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചു പറഞ്ഞ മറ്റൊരു കാര്യം. മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവച്ചത് അനാശാസ്യത്തിനല്ലാതെ സദ്കൃത്യം ചെയ്തതിനാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.