റബ്ബര്‍ നിയമം റദ്ദാക്കാന്‍ നീക്കം; ഇന്ത്യയിലെ റബ്ബര്‍ കര്‍ഷകരുടെ ഭാവി തന്നെ അവതാളത്തിലായേക്കുമെന്ന ആശങ്ക പടരുന്നു

single-img
21 May 2017

കൊച്ചി: ഇന്ത്യയിലെ റബ്ബര്‍ കര്‍ഷകരുടെ ഭാവിതന്നെ അവതാളത്തിലായേക്കാവുന്ന തരത്തില്‍ റബ്ബര്‍ കൃഷിയുടെ ഭരണഘടന എന്നു വിശേഷിപ്പിക്കപ്പെടുന്ന റബ്ബര്‍ നിയമം റദ്ദാക്കാന്‍ നീക്കം. ഇതു സംബന്ധിച്ച രേഖ തയ്യാറായെന്നും അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് സൂചന. റബ്ബര്‍ വ്യാപാര മേഖലയെ നിയന്ത്രിക്കുന്ന നിയമം ഇല്ലാതായാല്‍ ഇന്ത്യയില്‍ ഈ കൃഷിയുടെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടും. റബ്ബര്‍ നയം വേണ്ടെന്നു വെച്ചതും റബ്ബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചതും നിയമം റദ്ദാക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന.

1947-ലെ റബ്ബര്‍ നിയമം കര്‍ഷകരെ സംബന്ധിച്ച് ഒരു സംരക്ഷണ കവചമാണ്. വ്യാപാരികള്‍ക്കും വന്‍കിട ഉത്പാദകര്‍ക്കുമുള്ള ലൈസന്‍സ് നല്‍കുക, കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കുക, ആവശ്യമെങ്കില്‍ കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിക്കുക, സ്വാഭാവിക റബ്ബറിന്റെ പരമാവധി വിലയോ കുറഞ്ഞവിലയോ രണ്ടുംകൂടിയോ നിശ്ചയിക്കുക തുടങ്ങിയ അധികാരങ്ങളാണ് റബ്ബര്‍ ബോര്‍ഡിന് നിയമം നല്‍കുന്നത്. ഇന്ത്യയില്‍ കൈകാര്യം ചെയ്യപ്പെടുന്ന റബ്ബറിന്റെ ഗുണനിലവാരം നിശ്ചയിക്കാനും അത് പരിശോധിച്ച് ഉറപ്പുവരുത്താനും ബോര്‍ഡിന് കഴിയും.

അന്താരാഷ്ട്ര കരാറുകള്‍ അനുസരിച്ച് ഇപ്പോള്‍ പരമാവധി ഇറക്കുമതിത്തീരുവ 25 ശതമാനമാണ്. നിയമം ഇല്ലാതായാല്‍ ഇത് എത്രവേണമെങ്കിലും കുറയ്ക്കാന്‍ കേന്ദ്രത്തിന് കഴിയും. ഇന്ത്യയിലെ വ്യവസായികളുടെ ആവശ്യവും ഇതാണ്. വിപണിയില്‍നിന്ന് സംഘടിതമായി മാറിനിന്ന് വിലയിടിക്കുന്ന തന്ത്രം ഇപ്പോള്‍ത്തന്നെ വന്‍കിട ടയര്‍ കമ്പനികള്‍ പയറ്റാറുണ്ട്. പുതിയ സാഹചര്യത്തില്‍ എല്ലാ നിയന്ത്രണങ്ങളും വ്യവസായികളുടെ കൈയിലാകുമെന്നാണ് ആശങ്കപ്പെടുന്നത്. വന്‍കിടക്കാര്‍ വില നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകാം.

നിയമം റദ്ദാക്കുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് ഇപ്പോള്‍ വില കുറഞ്ഞതെന്ന് ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച വരെ ജി.എസ്.ടി.യെക്കുറിച്ചുള്ള ആശങ്കയായിരുന്നു. എന്നാല്‍ റബ്ബര്‍, കാപ്പി, തേയില എന്നിവയുടെ നികുതി അഞ്ചുശതമാനമായി നിലനിര്‍ത്തിയതോടെ ആശങ്ക ഒഴിവായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നിയമം റദ്ദാക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നത്.