പിണറായി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു; ജനവിരുദ്ധന്‍, മനസിന് സുഖമില്ലാത്തവന്‍ എന്നീ പരാമര്‍ശങ്ങള്‍ക്ക് വിധേയനാവേണ്ടിവന്നു, ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ -ആത്മകഥയില്‍ മനസ്സുതുറന്ന് ജേക്കബ്ബ് തോമസ്

single-img
21 May 2017

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ജേക്കബ്ബ് തോമസ്. മന്ത്രിയെന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച പിണറായി കേരളത്തെ നയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നാണ് ജേക്കബ്ബ് തോമസ് പറയുന്നു. നാളെ പുറത്തിറങ്ങാനിരിക്കുന്ന ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ജേക്കബ്ബ് തോമസിന്റെ ആത്മകഥയിലാണ് അദ്ദേഹം മനസുതുറക്കുന്നത്.

ജനവിരുദ്ധന്‍ മനസിന് സുഖമില്ലാത്തവന്‍ തലതിരിഞ്ഞ രീതിക്കാരന്‍ എന്നീ പരാമര്‍ശങ്ങള്‍ക്ക് താന്‍ വിധേയനായെന്നും എന്നാല്‍ തന്റെ നിലപാടുകള്‍ ശരിയായിരുന്നെന്നും ജേക്കബ്ബ് തോമസ് പറയുന്നു. കെ.എം മാണിയും കെ. ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴ കേസില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല ഇടപെട്ടിട്ടില്ലെന്നും ജേക്കബ്ബ് തോമസ് പറയുന്നു.
ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് എന്ന 20 ാം അധ്യായത്തിലാണ് ബാര്‍ കോഴ കേസിലെ പരാമര്‍ശം ഉള്ളത്. ബാബുവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവരാണ് തന്നെ മാറ്റിയതെന്നും ബാര്‍ കോഴ കേസില്‍ ചെന്നിത്തലയ്ക്ക് തന്റെ അന്വേഷണ രീതിയോട് എതിര്‍പ്പില്ലായിരുന്നെന്നും ജേക്കബ്ബ് തോമസ് പറയുന്നു.

ഞാന്‍ തീരുമാനിച്ച രീതിയില്‍ അന്വേഷണം പോകുന്നതില്‍ ആഭ്യന്തരമന്ത്രിക്ക് വിയോജിപ്പില്ലായിരുന്നു. എന്നാല്‍ ബാബുവിന് വേണ്ടി ഇടപെടല്‍ നടത്തിയവരാണ് തന്നെ ആ സ്ഥാനത്ത് വെക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ജേക്കബ്ബ് തോമസ് പറയുന്നു. ജൂനിയറായ ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സ് ഡയരക്ടര്‍ പദവി നല്‍കിയത് നടപടി ക്രമം തെറ്റിച്ചാണ്. എന്നാല്‍ തന്നെ വിജലന്‍സ് ഡയറക്ടറാക്കിയത് ആനുകൂല്യമായല്ല അര്‍ഹത ഉണ്ടായിട്ടാണെന്നും അദ്ദേഹം പറയുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു കേസിലും പിണറായി വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഇടപെട്ടിട്ടില്ലെന്നും ജേക്കബ്ബ് തോമസ് പറയുന്നു.