കുല്‍ഭൂഷന്റെ വധശിക്ഷയ്ക്കെതിരെ മാതാവ് നല്‍കിയ അപ്പീല്‍ പരിഗണനയിലെന്ന് പാകിസ്താന്‍;ജാദവിന് കോണ്‍സുലാര്‍ സഹായം നല്‍കില്ല, ഇന്ത്യന്‍ പ്രതിനിധികളെ കാണാന്‍ അനുവദിക്കില്ല

single-img
21 May 2017

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്കെതിരെ മാതാവ് നല്‍കിയ അപ്പീല്‍ തങ്ങളുടെ പരിഗണനയിലുണ്ടെന്ന് പാകിസ്താന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അറിയിച്ചു. ഏപ്രില്‍ 26ന് ആണ് കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവ് വധശിക്ഷയ്ക്കെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയുടെ കോപ്പി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുഖേന പാക് വിദേശകാര്യ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ അപ്പീല്‍ സംബന്ധിച്ച് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം നല്‍കില്ലെന്നും ഇന്ത്യന്‍ പ്രതിനിധികളെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്താന്‍ അഞ്ച് ദിവസം മാത്രമാണ് സമയതെന്നും സര്‍താജ് അവകാശപ്പെട്ടു.

കേസില്‍ പാകിസ്താന്‍ തോറ്റു എന്നത് തെറ്റായ പ്രചാരണമാണ്. വധശിക്ഷ താത്കാലികമായി സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. അല്ലാതെ ജാദവിന് കോണ്‍സുലാര്‍ സഹായം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടില്ല. അടുത്ത തവണ പാകിസ്താനുവേണ്ടി ഹാജരാകുന്നത് കൂടുതല്‍ ശക്തരായ അഭിഭാഷകരായിരിക്കുമെന്നും സര്‍താജ് അസീസ് പറഞ്ഞു.

ജാദവിന്റെ കേസില്‍ അന്തിമ വിധി വരുന്നതുവരെ ശിക്ഷാവിധി സ്റ്റേ ചെയ്തതായി അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. അന്താരഷ്ട്ര ഉടമ്പടിയുടെ ലംഘനമാണ് പാകിസ്താന്‍ നടത്തുന്നതെന്നും വിദേശികളായ പ്രതികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.