ദുബൈ സ്‌കൂളുകളില്‍ ഫീസ് വര്‍ധിക്കുമെന്ന് സൂചന

single-img
21 May 2017

ദുബൈ: ദുബൈ സ്‌കൂളുകളില്‍ ഫീസ് വര്‍ധിക്കുമെന്ന് സൂചന. അടുത്ത അധ്യയന വര്‍ഷത്തില്‍ ദുബൈ സ്‌കൂള്‍ ഫീസ് 2.4 ശതമാനം മുതല്‍ 4.8 ശതമാനം വരെ വര്‍ധിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ദുബൈ സ്‌കൂളുകളുടെ റേറ്റിങ് പുറത്തുവിട്ടതോടെയാണ് ഫീസ് വര്‍ധന സംബന്ധിച്ച വിലയിരുത്തല്‍. സര്‍ക്കാറിന്റെ സ്‌കൂള്‍ റേറ്റിങ് വിദ്യാഭ്യാസ ചെലവ് സൂചികയ്ക്ക് (ഇ.സി.ഐ) അനുസൃതമായിട്ടായിരിക്കും ഓരോ സ്‌കൂളുകളിലെയും ഫീസ് വര്‍ധിപ്പിക്കുക.

വേനല്‍ക്കാല അവധിക്ക് ശേഷം 2017 സെപ്റ്റംബറിലാണ് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത്. 29,500ത്തോളം വിദ്യാര്‍ഥികളാണ് വിശിഷ്ട റേറ്റിങ്ങുള്ള സ്‌കൂളുകളില്‍ പഠിക്കുന്നത്. ഗ്രേഡ് 12ല്‍ ഏകദേശം 100,000 ദിര്‍ഹവും പ്രൈമറി തലത്തില്‍ 5,000 ദിര്‍ഹവുമാണ് ഇത്തരം സ്‌കൂളുകളിലെ വാര്‍ഷിക ഫീസ്. അതേസമയം, അനുമതിയുണ്ടെങ്കിലും ഫീസ് വര്‍ധിപ്പിക്കേണ്ടെന്നാണ് ചില സ്‌കൂളുകളുടെ തീരുമാനം.

2.4 ശതമാനം ഏറ്റവും പുതിയ ഇ.സി.ഐ ആയി നിര്‍ണയിച്ച് ഓരോ സ്‌കൂളുകളുടെയും റേറ്റിങ്ങിന് അനുസരിച്ച് 4.8 ശതമാനം വരെ ഫീസ് ഉയര്‍ത്താനാണ് അനുമതിയുള്ളത്. വിശിഷ്ട റേറ്റിങ്ങുള്ള സ്‌കൂളുകള്‍ക്ക് ഇ.സി.ഐയുടെ ഇരട്ടി വരെ (4.8 ശതമാനം) ഫീസ് വര്‍ധിപ്പിക്കാന്‍ യോഗ്യതയുണ്ട്. വളരെ മികച്ച റേറ്റിങ്ങുള്ളവക്ക് 4.2 ശതമാനം വരെ ഉയര്‍ത്താം. മികച്ചവക്ക് 3.6 ശതമാനവും സംതൃപ്തകരമായ റേറ്റിങ്ങുളള സ്‌കൂളുകള്‍ക്ക് 3.6 ശതമാനവും ഫീസ് കൂട്ടാം. മോശം റേറ്റിങ്ങുള്ളവക്കും വളരെ മോശം റേറ്റിങ്ങുള്ളവക്കും 2.4 ശതമാനം ഫീസ് ഉയര്‍ത്താനും അനുമതിയുണ്ട്. വൈജ്ഞാനിക-മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) വാര്‍ഷിക പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് പുതിയ സ്‌കൂള്‍ റേറ്റിങ്ങുകള്‍ പ്രഖ്യാപിച്ചത്.

പരിശോധന റിപ്പോര്‍ട്ട് www.khda.gov.ae വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ അക്കാദമിക വര്‍ഷം പരിശോധന നടത്തിയ 159 സ്‌കൂളുകളില്‍ 16 എണ്ണത്തിന് വിശിഷ്ട റേറ്റിങ്ങും 14 എണ്ണത്തിന് വളരെ മികച്ച റേറ്റിങ്ങും 69 എണ്ണത്തിന് മികച്ച റേറ്റിങ്ങും ഉണ്ട്. 50 സ്‌കൂളുകളുടെ റേറ്റിങ് തൃപ്തികരവും പത്ത് സ്‌കൂളുകളുടേത് മോശവുമാണ്. ഒരു സ്‌കൂളിനും വളരെ മോശം റേറ്റിങ് ഇല്ല.16 വിശിഷ്ട റേറ്റിങ് സ്‌കൂളുകളില്‍ പത്തെണ്ണവും ബ്രിട്ടീഷ് സ്‌കൂളുകളാണ്. ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ കണക്കാക്കിയ ഇ.സി.ഐക്ക് അനുസൃതമായാണ് സ്‌കൂള്‍ ഫീസ് വര്‍ധന പ്രഖ്യാപിക്കുക.