വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ടത് കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കേന്ദ്രം ഇടപ്പെട്ടില്ലെങ്കിൽ വിനീതിന് അനുയോജ്യമായ തൊഴില്‍ നല്‍കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാർ

single-img
21 May 2017

തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ താരമായ സി.കെ. വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ടത് കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനീതിന് ജോലി തിരിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനൊട് ആവശ്യപ്പെടുമെന്ന് കായികമന്ത്രി എ. സി . മൊയ്തീന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഫേയ്‌സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്.

ഈ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇടപെട്ട് ഈ നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറയുന്നു. കേന്ദ്രസര്‍ക്കാര്‍ അതു ചെയ്യുന്നില്ലെങ്കില്‍ വിനീതിന് അനുയോജ്യമായ തൊഴില്‍ നല്‍കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഈ ആവശ്യം പരിഗണിച്ചില്ലങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിനീതിന് ജോലി നല്‍കുമെന്നും വിനീതിന് ജോലി തിരിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനൊട് ആവശ്യപ്പെടുമെന്നും കായികമന്ത്രി എ. സി മൊയ്തീന്‍മന്ത്രി പറഞ്ഞിരുന്നു.

ഫുട്‌ബോള്‍ താരം വിനീതിനെ ബുധനാഴ്ചയാണ് ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ടത്. മതിയായ ഹാജര്‍ ഇല്ലാത്തതിനാലാണ് നടപടി എന്നായിരുന്നു വിശദീകരണം. അക്കൗണ്ട് ജനറല്‍ ഓഫീസിന്റെ തിരുവനന്തപുരം വിഭാഗത്തില്‍ ഓഡിറ്ററായിരുന്നു വിനീത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിരാഗംമാണ് വിനീത്. ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിക്കുന്നുണ്ട്. ഈയിടെ കഴിഞ്ഞ ഐലീഗില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു ഇദ്ദേഹം.