സ്വാമിയെ ഇന്നും ചോദ്യംചെയ്യും, യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു

single-img
21 May 2017

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയില്‍ 23 വയസ്സുള്ള യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെ പോലീസ് ഇന്ന് വിശദമായി ചോദ്യംചെയ്യും. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാല്‍ ഇന്നലെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്വാമിയെ ആക്രമിച്ച യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തിട്ടില്ല. യുവതിയുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി. മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് 23-കാരിയായ യുവതി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി രേഖപ്പെടുത്തി. അതേസമയം യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.