പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സന്യാസി കുമ്മനത്തിന്റേയും ഹിന്ദു ഐക്യവേദിയുടേയും സഹയാത്രികൻ

single-img
20 May 2017
ഗംഗേശാനന്ദ തീര്‍ത്ഥപാദർ

മലബാര്‍ പ്രദേശത്തെ 120-ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെയും ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്റെയും നേതൃത്വത്തില്‍ സന്യാസിമാര്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചപ്പോൾ | ഫോട്ടോ : ഹൈന്ദവകേരളം വെബ്സൈറ്റ്

തിരുവനന്തപുരത്ത് പേട്ടയിൽ 23 വയസ്സുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സന്യാസിയ്ക്ക് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനുമായും സംഘപരിവാർ സംഘടനകളുമായും അടുത്തബന്ധം. ഹിന്ദു ഐക്യവേദിയുടെ എല്ലാ സമരങ്ങളിലും പരിപാടികളിലും കുമ്മനത്തോടൊപ്പം സ്ഥിരമായി പങ്കെടുത്തിരുന്നയാളായിരുന്നു ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദർ.

കൊല്ലം പന്മന ആശ്രമത്തിലെ സന്ന്യാസിയായ ഇയാൾ ഈ യുവതിയെ പ്ലസ്ടുവിനു പഠിക്കുന്ന കാലം മുതൽ ഉപദ്രവിച്ചുവരികയായിരുന്നെന്നാണു അവർ പോലീസിനോട് പറഞ്ഞത്.

2008-ൽ വി എസ് അച്യുതാനനന്ദൻ സർക്കാർ ആൾദൈവങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ച സമയത്ത് ഹിന്ദു ഐക്യവേദിയുടെ പിന്തുണയോടെ കൊച്ചിയിൽ നടന്ന പ്രതിഷേധയോഗത്തിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു.

പിന്നീട് 2010-ൽ മലബാറിലെ ക്ഷേത്രങ്ങളും ആശ്രമങ്ങളും ദേവസ്വം ബോർഡിനു കീഴിൽ കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരേ ഹിന്ദു ഐക്യവേദിയ്ക്കു വേണ്ടി മുഖ്യമന്ത്രിയെ വി എസ് അച്യുതാനന്ദനെക്കണ്ട് നിവേദനം സമർപ്പിക്കാൻ പോയ ഹിന്ദു ഐക്യവേദിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു ഗംഗേശാനന്ദ. അന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവായിരുന്ന കുമ്മനം രാജശേഖരൻ, ഹിന്ദു ഐക്യവേദിയുടേ സഹയാത്രികരായ മറ്റു സന്ന്യാസിമാർ ( സ്വാമി വിമലാനന്ദ, സ്വാമി വിദ്യാനന്ദഗിരി, ബ്രഹ്മചാരി ഭാർഗവറാം) എനിവരോടൊപ്പമാണു ഇയാൾ അന്നു മുഖ്യമന്ത്രിയെ കാണാൻ പോയത്.

ആറന്മുള വിമാനത്താവളം വരുന്നതിനെതിരേ 2013-ൽ ആറന്മുളയിലെ കിടങ്ങന്നൂരിലുള്ള വിജയാനന്ദ ആശ്രമത്തിൽ സംഘടിപ്പിച്ച സന്ന്യാസി സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചവരിൽ പ്രമുഖനായിരുന്നു ഗംഗേശാനന്ദ തീർത്ഥപാദർ. പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് ഹിന്ദു ഐക്യവേദിയുടേയും ആറന്മുള പൈതൃക ഗ്രാമകർമ്മസമിതിയുടേയും നേതൃത്വത്തിലായിരുന്നു. കുമ്മനം രാജശേഖരനായിരുന്നു ആറന്മുള പൈതൃക ഗ്രാമകർമ്മസമിതിയുടെ സമരത്തിന്റെ മുൻനിര നായകൻ.

പീഡന ആരോപണത്തിൽപ്പെട്ട ഗംഗേശാനന്ദ തീർത്ഥപാദർ ഒരു ഒറ്റയാനായ ആൾദൈവമായിരുന്നില്ല മറിച്ച് സംഘപരിവാറുമായി അടുത്തബന്ധമുള്ളയാളും പ്രമുഖ ഹിന്ദുമതസ്ഥാപനങ്ങളിലെ പ്രഭാഷകനുമായിരുന്നു എന്നാണു മനസ്സിലാക്കാൻ കഴിയുന്നത്.ഇക്കഴിഞ്ഞ മാർച്ച് 30-നു ഒറ്റപ്പാലത്തെ സ്വാമി നിർമ്മലാനന്ദയുടെ സമാധിയുടേ 41-ആം ദിനത്തിൽ നടന്ന യതിപൂജയിൽ കാർമ്മികത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പ്രസ്തുത ചടങ്ങിലും കുമ്മനം രാ‍ജശേഖരൻ  പങ്കെടുത്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ആലുവയിലെ അദ്വൈതാശ്രമത്തിൽ നടന്ന മഹാശിവരാത്രി ആഘോഷച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു.

ഗംഗേശാനന്ദയുടെ സംഘപരിവാർ ബന്ധം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണു.