മോശം ഭാഷാപ്രയോഗം: സുരേഷ് ഗോപി പക്വത കാണിക്കണമെന്ന് മുഖ്യമന്ത്രി

single-img
20 May 2017

ബി ജെ പി രാജ്യസഭാംഗം സുരേഷ് ഗോപിയുടേ മോശം ഭാഷാപ്രയോഗത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു സുരേഷ്ഗോപിയെ പിണറായി രൂക്ഷമായി വിമർശനം ഉന്നയിച്ചത്.

ഇന്നലെ മുംബൈയിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ കുടുംബയോഗങ്ങളിൽ നടത്തിയ പ്രസംഗത്തിനിടെ ഇടതു-വലതു പാർട്ടികളെ സുരേഷ് ഗോപി ‘മാക്രിക്കൂട്ടങ്ങൾ’ എന്നു വിശേഷിപ്പിച്ചിരുന്നു.

ഇടതു -വലതു സഖ്യങ്ങൾ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസം നിൽക്കുകയാണെന്നും  പദ്ധതികള്‍ നടപ്പാക്കാന്‍ ഇടതു വലതു പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും പല കാരണങ്ങള്‍ നിരത്തി പദ്ധതികളെ നിര്‍ജ്ജീവമാക്കാനാണ് ഈ മാക്രികൂട്ടങ്ങള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

“Dear Suresh Gopi please exercise political maturity and commitment to the development agenda of Kerala ( പ്രിയപ്പെട്ട സുരേഷ് ഗോപി താങ്കൾ അൽപ്പം കൂടി രാഷ്ട്രീയമായ പക്വതയും കേരളത്തിന്റെ വികസനനയത്തിനോട് പ്രതിബദ്ധതയും കാണിക്കാൻ തയ്യാറാകണം) “ എന്ന എംഗ്ലീഷ് വാചകത്തോടെയാണു പോസ്റ്റ് തുടങ്ങുന്നത്.

എം പി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നു പറയാൻ സുരേഷ് ഗോപി തയ്യാറാകണമെന്നു പറഞ്ഞ പിണറായി സുരേഷ് ഗോപി ഉദ്ദേശിച്ച ‘മാക്രിക്കൂട്ടം’ ആരാണെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

“എം പി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. ‘മാക്രിക്കൂട്ടം’ തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്?“ മുഖ്യമന്ത്രി ചോദിക്കുന്നു.

കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകുമെന്നു പറഞ്ഞ പിണറായി, അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ സുരേഷ് ഗോപി തയാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്കിൽ കുറിച്ചു.