വ്യാജവീഡിയോ വിവാദത്തിൽ കാലുമാറി കുമ്മനം: ആഹ്ലാദപ്രകടനം നടത്തിയത് സി പി എമ്മുകാരാണെന്ന് പറഞ്ഞിട്ടില്ല

single-img
20 May 2017

കണ്ണൂർ കൊലപാതകവുമായി ബന്ധപ്പെട്ടു വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. സിപിഐഎം പ്രവര്‍ത്തകരാണ് ആഹ്ലാദപ്രകടനം നടത്തിയതെന്ന് താന്‍ പോസ്റ്റില്‍ പറഞ്ഞിട്ടില്ലെന്നാണ് കുമ്മനത്തിന്റെ പുതിയ വാദം. റിപ്പോർട്ടർ ചാനലിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു കുമ്മനത്തിന്റെ പുതിയ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍  കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ ടൗണ്‍പൊലീസ് 153എ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ ഇത്തരം പ്രകടനം നടന്നിട്ടില്ലെന്നും എവിടെ നടന്നതാണെന്ന് കുമ്മനം വ്യക്തമാക്കണമെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ആഹ്ലാദ പ്രകടനം നടന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ താന്‍ കമ്യൂണിസ്റ്റുകാരാണ് പ്രകടനം നടത്തിയത് എന്നാണ് പറഞ്ഞതെന്നും  ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രവര്‍ത്തകരുടെയോ പേരോ താന്‍ പരാമര്‍ശിച്ചിരുന്നില്ലെന്നുമാണു കുമ്മനത്തിന്റെ പുതിയ നിലപാട്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ താന്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടില്ല. തന്റെ ശ്രദ്ധയില്‍ വന്ന വിഷയം പോസ്റ്റിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് ചെയ്തതെന്നും കുമ്മനം അവകാശപ്പെട്ടു. പരാതിക്കാരനെതിരെ കേസെടുക്കുന്നത് പക തീര്‍ക്കാനാണ്. സിപിഐഎം എന്ന് പറഞ്ഞിട്ടില്ല, ആളുകളുടെ പേരും പറഞ്ഞിട്ടില്ല. സിപിഐഎം പ്രവര്‍ത്തകര്‍ മാത്രം ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനാണ്. അവരിങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് സിപിഐഎം നേതൃത്വമാണെന്നും കുമ്മനം ചാനൽ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

കമ്യൂണിസ്റ്റുകളുടെ ആഹ്ലാദപ്രകടനമെന്നാണ് താന്‍ പോസ്റ്റ് ചെയ്തത്. പൊലീസ് കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ബാന്റ് മേളത്തോടെ ആഹ്ലാദപ്രകടനം നടത്തിയെന്ന് താന്‍ പോസ്റ്റ് ചെയ്‌തെന്ന് പറയുന്നു. താനിങ്ങനെ പോസ്റ്റ് ചെയ്തിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസെടുത്തതിന് പിന്നില്‍ വ്യക്തിവൈരാഗ്യമുണ്ട്. തന്റെ ഫെയ്‌സ്ബുക്കില്‍ മാത്രം വന്ന പോസ്റ്റിന് എന്തിന് ഇങ്ങനെ നടപടിയെന്നും അദ്ദേഹം ചോദിച്ചു. വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണ് ഈ കേസിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കുമ്മനം പ്രചരിപ്പിച്ച വീഡിയോ പാപ്പിനിശേരിയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന് ശേഷമുണ്ടായ ആഹ്ലാദ പ്രകടനമാണെന്നാണ് പൊലീസ് പറയുന്നത്. കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.