ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് രാജ്യം മൂന്ന് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിയ്ക്കുന്നു;ജിസാറ്റ്19 ജൂണ്‍ മാസത്തില്‍ വിക്ഷേപിയ്ക്കും

single-img
20 May 2017

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ജിസാറ്റ്19, ജിസാറ്റ്11, ജിസാറ്റ്20 എന്നീ ആശയവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ജിസാറ്റ്19 ജൂണ്‍ മാസത്തില്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ജിഎസ്എല്‍വി-എംകെ 3 ഉപയോഗിച്ചായിരിക്കും ജിസാറ്റിന്റെ വിക്ഷേപണം. ആശവിനിമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുള്ള തുടക്കമായിരിക്കും ജിസാറ്റ്19 എന്നും, ഒരു പുതിയ ഉപഗ്രഹ തലമുറ തന്നെ ഇത് സൃഷ്ടിക്കുമെന്നും ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലുള്ള സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു. ആശവിനമയ രംഗത്ത് വലിയ കുതിപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഓഡിയോ, വീഡിയോ ഫയലുകള്‍ എളുപ്പത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്നു. സാറ്റ്ലൈറ്റ് വിക്ഷേപണത്തോടെ ടെലിവിഷന്‍ പോലും തടസ്സങ്ങളില്ലാതെ കാണാനുള്ള സൗകര്യം ഉണ്ടാകുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ സഹായത്തോടെ നാല് ടണ്‍ ഭാരത്തോടടുത്തുള്ള ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ റോക്കറ്റ് അടുത്ത മാസം കുതിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് അടുത്ത പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്