എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു;ഒരു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

single-img
20 May 2017

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 20 മുതല്‍ ജൂണ്‍ അഞ്ചുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ടുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ല. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറയാനും മറന്നില്ല അദ്ദേഹം.

എല്‍ഡിഎഫിനു പൊതുവായ നിലപാടുകളുണ്ടെന്നും മതനിരപേക്ഷ, അഴിമതിരഹിത കേരളം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനം വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ്. എന്നാല്‍ യുഡിഎഫ് കാലത്തെ അവസ്ഥ വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഭരണം തളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരമായിരുന്നു അവരുടേത്. യുഡിഎഫാണ് പൊതുസ്ഥിതി തകര്‍ത്തത്. സമാധാനവും വികസനവും കണ്ടെത്താനാണ് ശ്രമമെന്നും പിണറായി പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലര്‍ക്ക് അഭിമാനമുണ്ട്. ചിലര്‍ക്ക് പരിഭ്രാന്തിയും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. സമൂഹത്തിലെ തുല്യത ഉറപ്പാക്കും. സര്‍ക്കാര്‍ സ്വപ്നം കാണുന്നത് ഒരു നവകേരളമാണ്. നാലു മിഷനുകളിലൂടെ ഇതു പടുത്തുടര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. ഇടതുബദല്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതികള്‍ തുടങ്ങി. 1957ലെ സാഹചര്യങ്ങളുമായി പൊരുത്തവും വൈരുദ്ധ്യങ്ങളും ഉണ്ട്. പുതിയ കാലത്തന്റെ വെല്ലുവിളികള്‍ നേരിട്ടാണു മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രക്ഷപ്പെടുമെന്ന തോന്നല്‍ പരമ്പരാഗത വ്യവസായങ്ങള്‍ക്കുണ്ടായി. കയര്‍ മേഖലയില്‍ ആധുനികവല്‍ക്കരണത്തിനു പ്രാധാന്യം നല്‍കി. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
കൈത്തറി തൊഴിലാളികള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിച്ചു. അടുത്ത വര്‍ഷം മുതല്‍ യുപി സ്‌കൂളുകളിലേക്കും കൈത്തറി വസ്ത്രങ്ങള്‍ വ്യാപിപ്പിക്കും. കൈത്തറി മേഖലയിലേക്കു കൂടുതല്‍ തൊഴിലാളികളെത്തി.

പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായി. ക്ഷേമ പെന്‍ഷന്‍ ഇനത്തിലുണ്ടായിരുന്ന മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തു. ചില സാങ്കേതിക കാരണങ്ങളാല്‍ ചിലര്‍ക്കു നല്‍കാന്‍ വൈകി. 1900 കോടി രൂപയുടെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ സാധിച്ചു. ക്ഷേമ പെന്‍ഷനുകളുടെ തുക കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിനുള്ളത്. ഗെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കും. അതു സര്‍ക്കാരിന് വന്‍തോതില്‍ ഗുണപ്രദമാണ്. അതൊഴിവാക്കാനാകില്ല. സമൂഹത്തിന് ഗുണകരമായ പദ്ധതികളോടുള്ള എതിര്‍പ്പ് അനുവദിക്കാനാകില്ല. സമൂഹത്തിനു കിട്ടുന്ന ഗുണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. എതിര്‍പ്പുകള്‍ കണ്ട് പിന്നോക്കം പോകേണ്ടെന്ന തീരുമാനം ഗുണം കണ്ടു. ദേശീയപാത വികസനവുമനായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കലിന്റെ എതിര്‍പ്പ് കുറഞ്ഞത് ജജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസം വന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അഭിമാനാര്‍ഹമായ പദ്ധതിയാണ് കിഫ്ബിയെന്നും ലോകോത്തര നിലവാരത്തിലുള്ള സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി പ്രവര്‍ത്തനം വിലയിരുത്തുന്നതെന്നും വികസന പദ്ധതികളുടെ കുതിച്ചുചാട്ടത്തിനു വിഭവ സമാഹരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിത കേരളം പദ്ധതി വിജയമാണെന്നും ജൂണ്‍ അഞ്ചിന് ഒരുകോടി തൈകള്‍ നടുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കുന്നതുള്‍പ്പെടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമൊക്കെയായി വിവിധ ആഘോഷപരിപാടികളാണ് ഒന്നാം വാര്‍ഷികാഘോഷത്തിനായി സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകീട്ട് 5.30ന് 1000 മണ്‍ചെരാതുകള്‍ തെളിക്കും. നെയ്യാറില്‍നിന്ന് അരുവിക്കര വെള്ളമെത്തിക്കാന്‍ പ്രവര്‍ത്തിച്ച ജലഅതോറിറ്റി ജീവനക്കാരെ ചടങ്ങില്‍ ആദരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.