ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ കയ്യുംകെട്ടി നോക്കിനിന്ന പൊലീസുകാര്‍ക്കെതിരെ നടപടി;എസ്ഐമാർക്ക് സമൻസ്

single-img
20 May 2017


മൂന്നാര്‍: ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കലിന് എത്തിയ സബ്കളക്ടറേയും റവന്യു ഉദ്യോഗസ്ഥരേയും തടഞ്ഞ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ക്കര്‍ക്കെതിരെ നടപടിയെടുക്കാതെ കയ്യുംകെട്ടി നോക്കിനിന്ന പൊലീസുകാര്‍ക്കെതിരെ നടപടി. റവന്യു ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയിട്ടും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അസഭ്യവര്‍ഷമുണ്ടായിട്ടും നടപടിയെടുക്കാതിരുന്ന രണ്ട് എസ്ഐമാര്‍ക്കെതിരെ ജില്ലാ കളക്ടറാണ് സമന്‍സ് അയച്ചത്. മേയ് 25ന് ഇരുവരും ഹാജരാകണമെന്നും വിശദീകരണം നല്‍കണമെന്നുമാണ് ഇടുക്കി കളക്ടര്‍ അറിയിച്ചിരിക്കുന്നത്.

കളക്ടര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇരുവരും വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ എസ്ഐമാര്‍ക്ക് കളക്ടര്‍ സമന്‍സ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരേയും ഭൂസംരക്ഷണസേന പ്രവര്‍ത്തകരേയും പ്രാദേശിക സിപിഐഎം നേതാക്കള്‍ തടഞ്ഞത് ഒരു മാസം മുമ്പാണ്. സബ് കളക്ടര്‍ ആവശ്യപ്പെട്ടിട്ടും സ്ഥലത്ത് ഉണ്ടായിരുന്ന എസ്ഐമാര്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുകയോ തടയുകയോ ചെയ്തില്ല. പരാതി എഴുതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് സബ് കളക്ടറോട് പറയുകയാണുണ്ടായത്.

ദേവികുളത്ത് കയ്യേറിയ ഷെഡ് സിപിഐഎം പ്രവര്‍ത്തകര്‍ സ്വയം പൊളിച്ചു നീക്കുകയായിരുന്നു ഒടുവില്‍ . കയ്യേറ്റം ഒഴിപ്പിക്കാതെ മടങ്ങില്ലെന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉറച്ച നിലപാടെടുത്തതോടെയാണ് പൊളിച്ചുമാറ്റാന്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഐഎം പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സബ് കളക്ടര്‍ സ്ഥലത്തെത്തിയത്.