പൂജയ്ക്കായെത്തി ലൈംഗിക പീഡനം:ഹരി സന്യാസിയല്ല അന്തേവാസി മാത്രമായിരുന്നെന്ന് ആശ്രമം;പന്‍മന ആശ്രമത്തിന്റെ പേര് കളങ്കപ്പെടുത്തരുത്

single-img
20 May 2017

തിരുവനന്തപുരം: 23 കാരിയെ പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ഹരി സ്വാമി സ്വാമിയല്ലെന്ന പന്‍മന ആശ്രമം. ഇതുസംബന്ധിച്ച ആശ്രമത്തിന്റെ പേരില്‍ പരക്കുന്ന വാര്‍ത്തകള്‍ വേദന ഉളവാക്കുന്നതായും ആശ്രമത്തിന്റെ പ്രതികരണം.ഇദ്ദേഹം 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തേവാസിയായിയെത്തി ഗംഗേശാനന്ദ തീര്‍ത്ഥ പാദം എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും പന്‍മന ആശ്രമം ഇ വാര്‍ത്തയോട് പ്രതികരിച്ചു. ഇദ്ദേഹത്തിന് സന്യാസിയാകാനുള്ള മന്ത്ര ദീക്ഷ നല്‍കിയട്ടില്ലെന്നും സന്യാസിയാകുന്നതിന് മുന്‍പുള്ള ബ്രഹ്മചാരി കോഴ്‌സ് പഠിക്കാനെത്തി അത് പൂര്‍ത്തിയാകാതെ മടങ്ങുകയുമായിരുന്നുവെന്ന് മഠം ഇ വാര്‍ത്തയോട് പ്രതികരിച്ചു.

അന്തേവാസിയായിരുന്ന കാലയളവിലെപ്പൊഴോ ഹരി സ്വാമി പന്‍മന ആശ്രമത്തിന്റെ കാര്‍ഡ് സംഘടിപ്പിക്കുകയും ഇത് പില്‍ക്കാലത്ത് ഉപയോഗിക്കുകയും ചെയ്യുകയായിരുന്നുവെന്ന മഠം അവകാശപ്പെട്ടു. ബ്രഹ്മചാരി കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയ ഹരി സ്വാമി പിന്നീട് ഹോട്ടല്‍ ബിസിനസ്സ് നടത്തി പോരുകയായിരുന്നുവെന്നും ഇദ്ദേഹം കോതമംഗലം കാരനാണെന്നും ആശ്രമം ഇ വാര്‍ത്തയെ അറിയിച്ചു.

അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് 23കാരിയായ യുവതി പോലീസിന്‌മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു. ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി കൈയില്‍ വെച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ആക്രമിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.സംഭവത്തില്‍ യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.