പൂജയ്ക്കായെത്തി ലൈംഗിക പീഡനം:വൈരുധ്യം നിറഞ്ഞ മൊഴിയുമായി പ്രതി ഹരിസ്വാമി.

single-img
20 May 2017

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതി ഹരിസ്വാമിയുടെ മൊഴി പുറത്ത്.യുവതിയല്ല താന്‍ സ്വയം മുറിച്ചതാണെന്നാണ് പ്രതിയായ ഹരിസ്വാമി ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടാണ് ഇയാൾ ഇത്തരത്തിൽ പറഞ്ഞത്.

അതേസമയം സ്വാമിയെ ആക്രമിച്ചത് താനാണെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് 23-കാരിയായ യുവതി മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി കൈയില്‍ വെച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ആക്രമിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ചോദ്യം ചെയ്യുന്നതിനായി ഇവരെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ പേട്ട പോലീസ് സ്‌റ്റേഷനിലുള്ള യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.