സിഐടിയു ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ എതിർത്തു;ഡ്രൈവിങ് ടെസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുതിയ രണ്ട് നിബന്ധനകള്‍ പിന്‍വലിക്കാൻ മന്ത്രിയുടെ നിർദ്ദേശം

single-img
20 May 2017

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിനായി ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകള്‍ മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കി. കയറ്റത്തില്‍ നിര്‍ത്തിയ ശേഷം പിന്നോട്ട് ഉരുളാതെ വാഹനം മുന്നോട്ട് എടുക്കുക, പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക, എന്നിവയാണ് ഒഴിവാക്കിയത്. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പരീക്ഷണങ്ങള്‍ പിന്‍വലിച്ചത്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

തിങ്കളാഴ്ച മുതല്‍ പരിഷ്‌ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റാണ് നടക്കുക. ട്രാക്ക് വേര്‍തിരിക്കുന്നതിനുള്ള കമ്പികളുടെ നീളം 75 സെന്റീമീറ്ററായി കുറച്ചിട്ടുണ്ട്. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ കമ്പികള്‍, കുറ്റികള്‍, റിബണ്‍ എന്നിവ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതും ടെസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തി കര്‍ശനമാക്കാന്‍ കാരണമായിരുന്നു. ഇതിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. പിന്നീട് രാഷ്ട്രീയ ഇടപെടലാണ് ടെസ്റ്റ് രീതി പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.