രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകൾ നൽകി രജനീകാന്ത്

single-img
19 May 2017

തന്റെ രാഷ്ട്രീയപ്രവേശനത്തിനുള്ള സൂചനകൾ നൽകി തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനീകാന്ത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന രജനീകാന്തിന്റെ പരാമർശമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാക്കിയത്.

ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ഇതിൽ മാറ്റം വരണമെന്നും രജനി അഭിപ്രായപ്പെട്ടു.

കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. കഴിഞ്ഞ നാലു ദിവസമായി ആരാധകരുമായി അദ്ദേഹം നടത്തിവരുന്ന കൂടിക്കാഴ്ച ഇന്ന് അവസാനിക്കും.

കർണാടകയിൽനിന്നുള്ളയാളായിട്ടും തമിഴ്നാട്ടുകാർ തന്നെ സ്വീകരിച്ച്, സമ്പൂർണ തമിഴനാക്കി മാറ്റിയെന്നും തമിഴനെന്ന് അറിയപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ കർണാടകയിൽ 23 വർഷം ജീവിച്ചു, തമിഴ്നാട്ടിൽ 43 വർഷവും. എന്നിട്ടും ഞാന്‍ പുറത്ത് നിന്ന് വന്നവനാണെന്നാണ് പലരും പറയുന്നു. ആരാധകരാണ് തന്നെ തമിഴനാക്കിയത്. പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരിക്കും. ഇപ്പോഴുള്ള ഈ എതിര്‍പ്പുകളായിരിക്കും രാഷ്ട്രീയത്തിന്റെ മൂലധനം എന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രജനീകാന്ത് തമിഴനല്ലെന്ന ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രജനീകാന്ത് രാഷ്ട്രീയത്തിലെത്തിയാൽ അതൊരു ദുരന്തമായിരിക്കുമെന്നും സ്വാമി പറഞ്ഞിരുന്നു.

‘നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. നമുക്ക് അതു ചെയ്യാം‘ എന്നു പറഞ്ഞ രജനി അന്തിമയുദ്ധം വരുമ്പോൾ നമുക്കു കാണാമെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ബിജെപിയിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കേന്ദമന്ത്രി പൊന്‍രാധാകൃഷ്ണന്‍റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബിജെപിയുടെ ക്ഷണം പൂർണമായും നിരസിക്കാൻ അദ്ദേഹം തയ്യാറാകാത്തത് ഡിഎംകെ, അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.